കോട്ടയം: രാവിലെ ഇന്ത്യൻ കോഫീഹൗസിലേയ്ക്ക് ജോലിക്ക് പോകുന്ന ഭർത്താവിനൊപ്പം ഇനിയെന്നും പ്രീതിയും സുരൻസയും കാണും. വൈ.എം.സി.എ ബിൽഡിംഗിലുള്ള കോഫീ ഹൗസിൽ ഇരുവരും ഇന്നലെ ജോലിക്കു ചേർന്നു. പ്രീതിയുടെ ഭർത്താവ് പ്രമോദ് ഇതേ കോഫീ ഹൗസിൽ കാഷ്യറാണ്. സുരൻസയുടെ ഭർത്താവ് ശ്യാംലാൽ ഗാന്ധിനഗറിലെ കോഫീ ഹൗസ് ജീവനക്കാരനും.
ജില്ലയിലെ വിവിധ കോഫീഹൗസുകളിലായി അഞ്ച് വനിതകൾക്കാണ് ജോലി ലഭിച്ചത്. മറ്റിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നഗരത്തിൽ ഇതാദ്യമാണ് വനിതാ ജീവനക്കാർ എത്തുന്നത്. ചുരിദാറും കോട്ടുമണിഞ്ഞെത്തിയ വനിതാ ജീവനക്കാരെക്കണ്ട് പലർക്കും ആശ്ചര്യമായി. ചിലർ അങ്ങോട്ട് ചെന്ന് വിശേഷങ്ങൾ ചോദിച്ചു. '' ഇന്ത്യൻ കോഫീ ഹൗസ് ഞങ്ങൾക്ക് കുടുംബം പോലെയാണ്. എല്ലാവരും പരിചിത മുഖങ്ങൾ. ജോലി ലഭിച്ചതിൽ സന്തോഷമുണ്ട്. ട്രേയിൽ നിരത്തിയ പാത്രങ്ങളിൽ ആഹാരവും താങ്ങി പോകാൻ അൽപ്പം ബുദ്ധിമുണ്ട്. അതു ശീലിക്കാവുന്നതേയുള്ളൂ'' ഇരുവരും പറഞ്ഞു.
രാവിലെ 9ന് ഡ്യൂട്ടിക്കെത്തിയ ഇരുവരേയും പൂമാലയണിയിച്ചാണ് മറ്റ് ജീവനക്കാർ സ്വീകരിച്ചത്. വനിതകൾക്ക് രണ്ട് ഷിഫ്റ്റാണുള്ളത്. രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെയും രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെയും. ഒന്നര വർഷത്തേയ്ക്ക് പ്രോബേഷനാണ്. സർവീസ്, ക്ളീനിംഗ്, ഫുഡ് മേക്കിംഗ് മേഖലകളിൽ ജോലി ചെയ്യണം. പ്രീതിയുടെ വീട് ഇല്ലിക്കലും സുരൻസയുടേത് പരിപ്പിലുമാണ്.