കോട്ടയം: ടൂറിസ്റ്റുകൾക്കായി കഥ പറച്ചിലും തുടങ്ങി. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായാണ് നാട്ടുതനിമയും ചരിത്ര പ്രധാന്യവും വിവരിക്കുന്ന സ്റ്റോറി ടെല്ലിംഗ് ടൂറിസപരീക്ഷണത്തിന് കോട്ടയത്ത് തുടക്കമിട്ടത്.
വൈക്കത്ത് എത്തുന്ന വിദേശ സഞ്ചാരികളോട് സത്യഗ്രഹസമര ചരിത്രവുമാകും പറയുക. കുമരകത്ത് കർഷക സമരകഥ വിവരിക്കും. ഒപ്പം കൊയ്ത്തു പാട്ടും ചക്രപാട്ടും പരിചയപ്പെടുത്തും. ഭരണങ്ങാനത്തെത്തുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ ത്യാഗകഥയാകും. ഇങ്ങനെ ജില്ലയിലെ പ്രധാന ടൂറിസം, തീർത്ഥാടന കേന്ദ്രങ്ങളുടെ ചരിത്രം സഞ്ചാരികൾക്കു മുന്നിൽ അനാവരണം ചെയ്യാൻ ഇംഗ്ലീഷ് നന്നായറിയാവുന്ന ഒരു ഡസനോളം ഗൈഡുകളെ ഉത്തരവാദിത്വ ടൂറിസം മിഷൻ രംഗത്തിറക്കുകയാണ്.
സ്റ്റോറി ടെല്ലിംഗ് ടൂറിസത്തോടൊപ്പം എക്സ് പെഡീഷൻ ടൂറിസത്തോടും എത്നിക് ടൂറിസത്തോടും വിദേശികൾ താത്പര്യം കാണിച്ചു തുടങ്ങി. കഠിനാദ്ധ്വാനമുള്ള ജോലികൾ പഠിച്ച് ചെയ്യാൻ വിദേശ ടൂറിസ്റ്റുകൾ അതിയായ താത്പര്യം കാണിക്കുന്നുണ്ട്.
നാടൻ ഭക്ഷണം സഞ്ചാരികളെ പരിചയപ്പെടുത്തുന്നതാണ് എത്നിക് ടൂറിസം . വൃത്തിയുള്ളതും രുചികരവുമായ നാടൻ ഭക്ഷണം തയ്യാറാക്കുന്ന 186 വീടുകൾ ഇതിനകം കോട്ടയം ജില്ലയിൽ കണ്ടെത്തി. ഓൺലൈനിൽ നിന്ന് ഈ വീടുകളുടെ വിവരം സഞ്ചാരികൾക്ക് ലഭിക്കും. വൻതുക ഈടാക്കുന്ന റിസോട്ടുകളിലെ യൂറോപ്യൻ സ്റ്റൈൽ ഭക്ഷണം ഒഴിവാക്കി എരിവും പുളിയുമുള്ള നാടൻ ഭക്ഷണം നൽകാനാണ് ഇതുവഴി ശ്രമിക്കുന്നത്.
ഇവയും ടൂറിസത്തിന്റെ ഭാഗം
വല വീശി മീൻ പിടിക്കുക
കള്ള് ചെത്തുക
തെങ്ങിൽ കയറുക
ഓല മെടയുക
ഒരു സഞ്ചരിക്ക്
1400 രൂപ ഫീസ്
ഹൗസ് ബോട്ട് യാത്ര മാത്രമുള്ള കായൽ ടൂറിസത്തിന് ഇനി ഭാവി ഉറപ്പില്ല .ഓരോ പ്രദേശത്തുള്ളവരുടെ തൊഴിലും കാലാരൂപങ്ങളും ഭക്ഷണവും സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാനുള്ള ശ്രമം ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമാക്കുന്നത് അതുകൊണ്ടാണ്. ഗൈഡുകളെ പ്രത്യേക പരിശീലനം നൽകി ഇതിനായി പ്രാപ്തരാക്കിയിട്ടുണ്ട്. .
ഭഗത് സിംഗ്, കോ ഒാർഡിനേറ്റർ,
ഉത്തരവാദിത്വ ടൂറിസം കുമരകം ഡസ്റ്റിനേഷൻ.