ചങ്ങനാശേരി: വെള്ള റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം രണ്ടു കിലോ അരി മാത്രമായി വെട്ടിക്കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് ഓൾ ഇന്ത്യാ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തിൽ എൻ.പി.എൻ.എസ്. വെള്ള കാർഡിന് രണ്ടു കി.ഗ്രാം അരി മാത്രം നൽകാനാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. ജനുവരിയിൽ 10 കിലോ ലഭിച്ച സ്ഥാനത്താണിത്. എഫ്.സി.ഐ. ഗോഡൗണുകളിലും എൻ.എഫ്.എസ്.എ. ഗോഡൗണുകളിലും കെട്ടിക്കിടന്ന് അരി നശിക്കുമ്പോൾ, അർഹമായ വിഹിതം നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആട്ടയുടെ വിഹിതത്തിലും കുറവുവരുത്തിയിട്ടുണ്ട്. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ഷൈനി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റേഷൻ ഡീലേഴ്സ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ഉദ്ഘാടനം ചെയ്തു.