ഈരാറ്റുപേട്ട: വാഗമണിലേക്കു വിനോദയാത്ര പോയ ചെന്നൈ സ്വദേശികൾ സഞ്ചരിച്ച ടാക്സി കാർ കത്തി നശിച്ചു. ദമ്പതികളും മൂന്നു വയസുള്ള കുഞ്ഞും ഡ്രൈവറും പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12ന് തീക്കോയി-വാഗമൺ റോഡിൽ ഒറ്റയീട്ടിക്കടുത്ത് ഇഞ്ചപ്പാറ അഞ്ചാംമൈലിലായിരുന്നു സംഭവം. കോട്ടയത്തുനിന്ന് ഇൻഡിക്ക ടൂറിസ്റ്റ് ടാക്‌സികാർ വിളിച്ച് വാഗമണിലേക്കു പോവുകയായിരുന്നു ഇവർ. വഴിമദ്ധ്യേ ബ്രേക്ക് നഷ്ടമായപ്പോൾ ഡൈവർ ഹാന്റ് ബ്രേക്ക് പിടിച്ച് വാഹനം നിറുത്തിയതോടെയാണ് തീ പിടിച്ചത്. പിറകേ വന്ന വാഹനത്തിലുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നു ഫയർ ഫോഴ്സെത്തി തീ അണച്ചു. ഈ റൂട്ടിൽ ഒന്നര മണിക്കൂർ ഗതാഗതം തടസപ്പെട്ടു.