ഈരാറ്റുപേട്ട: സിനിമയിലും ജീവിതത്തിലും ഭാഗ്യദേവത കടാക്ഷിച്ചില്ലെങ്കിലും തിടനാട്ടുകാരുടെ തിരുവാതിര ശാരദാമ്മ ഇപ്പോൾ ഭാഗ്യാന്വേഷികളുടെ ദേവതയാണ്. നാട്ടിൽ അറിയപ്പെടുന്ന തിരുവാതിര കളിക്കാരിയായിരുന്ന ശാരദയ്ക്ക് ശിഷ്യരും ധാരാളം. ആറു സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നടിയായും നാട്ടിലറിയപ്പെട്ടു. വയസ് 90 കടന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി തിരഞ്ഞെടുത്തത് ലോട്ടറി കച്ചവടം. ദിവസവും രാവിലെ 10നുമുമ്പ് നൂറിൽ കുറയാതെ ടിക്കറ്റുകൾ വിൽക്കും. ശാരദ വിറ്റ ടിക്കറ്റുകൾക്ക് ഇതിനോടകം ഒരു ലക്ഷം രൂപ വരെയുള്ള നിരവധി സമ്മാനങ്ങൾ ലഭിച്ചു. അതുകൊണ്ട് ശാരദാമ്മയിൽ നിന്ന് ലോട്ടറിയെടുക്കാൻ കാത്തിരിക്കുന്നവരും ധാരാളം.
വെളുപ്പിനേ തന്നിനാൽ ഭാഗത്തുള്ള വീട്ടിൽ നിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് തിടനാട് ശ്രീമഹാദേവി ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കും. തിരുനടയിലിരുന്ന് കുറേനേരം ഭാഗവതവും വായിക്കും. എട്ടു മണിയോടെ ടിക്കറ്റുമായി ഇറങ്ങും. 25ാമത്തെ വയസിൽ ആനിക്കാട് നിന്ന് തന്നിനാൽ കരോട്ടുകാരൂർ വീട്ടിൽ ഗോപാലൻ നായരുടെ ഭാര്യയായി തിടനാട്ടിലെത്തിയതാണ് ശാരദാമ്മ. ഭർത്താവിന്റെ മരണശേഷം പശുവിനെ വളർത്തിയും മറ്റും മൂന്നുമക്കളെ വളർത്തി. രണ്ട് പെൺമക്കളെ നല്ല നിലയിൽ കല്യാണം കഴിച്ചയച്ചു. മകന് കാര്യമായ പണിയൊന്നുമില്ല. ആരോഗ്യം ക്ഷയിച്ചതോടെ പത്ത് വർഷം മുമ്പ് പശു വളർത്തൽ ഉപേക്ഷിച്ചു. പിന്നീടാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്.
തിരുവാതിര ശാരദാമ്മ
ഒട്ടേറെ അരങ്ങുകളിൽ തിരുവാതിര അവതരിപ്പിക്കുകയും ധാരാളം പേരെ പഠിപ്പിക്കുകയും ചെയ്തതിനാൽ നാട്ടുകാർ ചാർത്തിക്കൊടുത്ത പേരാണ് 'തിരുവാതിര ശാരദാമ്മ". ധനു മാസത്തിലാണ് ജനനം.
ദിലീപിന്റെ പാപ്പി അപ്പച്ചാ, ജയറാമിന്റെ ആട് പുലിയാട്ടം, ഇന്നസെന്റിന്റെ ഒരിടത്തൊരു പോസ്റ്റുമാൻ തുടങ്ങി ആറു സിനിമകളിൽ അഭിനയിച്ചു. പ്രായത്തിന്റെ അവശതകളൊന്നും കാര്യമായി ബാധിക്കാത്തത് തിടനാട് ദേവിയുടെ അനുഗ്രഹമാണെന്നാണ് ഈ അമ്മ പറയുന്നത്.