നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ആരംഭിക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്‌ടേം പ്രോഗ്രാംസിന്റെ (ഡി.എ.എസ്.പി.) പ്രാദേശിക കേന്ദ്രത്തിന്റെ ഉദ്ഘാടനം 17ന് നടക്കും. ബി.എഡ്. കേന്ദ്രത്തോട് ചേർന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് പ്രാദേശിക കേന്ദ്രം തുടങ്ങുക. രാവിലെ 11ന് മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നെടുങ്കണ്ടം ബി.എഡ്. സെന്ററിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല സിൻഡിക്കേറ്റംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡി.എ.എസ്.പി. ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്, എം. സുകുമാരൻ, ശ്രീമന്ദിരം ശശികുമാർ, ടി.എം. ജോൺ, എം.എൻ. ഗോപി, തോമസ് തെക്കേൽ എന്നിവർ പ്രസംഗിച്ചു. എസ്. ജ്ഞാനസുന്ദരം ചെയർമാനും പി.എൻ. വിജയൻ ജനറൽ കൺവീനറും രാജീവ് പുലിയൂർ കൺവീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
യൂണിവേഴ്സിറ്റി അരികെ
ഇവിടെ സേവനകേന്ദ്രവും ആരംഭിക്കും. വിദ്യാർഥികൾക്ക് ഫീസടയ്ക്കാനും അപേക്ഷകൾ നൽകാനും സൗകര്യമൊരുക്കുന്നതിനൊപ്പം സർവകലാശാല വിവരങ്ങളും അറിയിപ്പുകളും ഇവിടെ ലഭ്യമാക്കും.
ഫോറെക്‌സ് മാനേജ്‌മെന്റിൽ പി.ജി. സർട്ടിഫിക്കറ്റ് കോഴ്‌സും എന്റർപ്രണർഷിപ്പ് മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, സൈബർ നിയമം, ഫിലിംകൾച്ചർസൊസൈറ്റി, വാട്ടർ ഹാർവെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്‌സും നടത്തും.ജൂലൈയോടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡേറ്റാ ബിസിനസ് അനലെറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ പി.ജി. ഡിപ്ലോമ കോഴ്‌സുകളും കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷനിൽ ഡിപ്ലോമ കോഴ്‌സും ബിസിനസ് ഡേറ്റാ അനാലിസിസ് (ടാലി, എം.എസ്. എക്‌സൽ) സർട്ടിഫിക്കറ്റ് കോഴ്‌സും ആരംഭിക്കും.