അടിമാലി: എ. എസ്. ഐ യുടെ വീട്ടിൽനിന്ന് പലപ്പോഴായി പതിനെട്ട് പവൻ സ്വർണ്ണം നഷ്ടമായ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി കുന്നേൽ കെ.എം.ബാബു (എ.എസ്.ഐ ,എറണാകുളം ട്രാഫിക് )വിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നഷ്ടമായകേസിലാണ് അടിമാലി നയിക്കുന്ന് ആനന്ദശ്ശേരി ഡോണറ്റ് (20 )നെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ ബാബുവിന്റെ വിദ്യാർത്ഥിയായ മകനെ പ്രലോഭിപ്പിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പലപ്പോഴായി ഡോണറ്റ് കൈക്കലാക്കി.കാർ.ബൈക്ക്,മെബൈൽ ഫോൺ എന്നിവ വാങ്ങി നൽകാം എന്ന് പ്രലോഭിച്ചാണ് സ്വർണ്ണം കൈക്കലാക്കിയത്.
. പിതാവിന്റെ പരാതിയെ തുടർന്ന് മകനെ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് ഡോണറ്റിന ക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പിതാവ് ബാബു എറണാകുളത്തും മാതാവ് തിരുവനന്തപുരത്തും ജോലി ചെയ്യുന്നതിനാൽ വീട്ടിൽ ബാബുവിന്റെ ഭാര്യയുടെ ബന്ധുവായിരുന്നു ഉണ്ടായിരുന്നത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലന്ന് മനസ്സിലാക്കി ഡോണറ്റ് പൊലീസ് ഓഫീസറുടെ മകനുമായി ചെങ്ങാത്തം കൂടി വീട്ടിൽ നിന്ന് സ്വർണ്ണം എടുത്തു കൊണ്ടുവരാൻ നിർബന്ധിക്കുകയായിരുന്നു.ഈ ഇടപാടിൽ ഒരു മെബൈൽ ഫോൺ ഡോണറ്റ് വാങ്ങിക്കൊടുത്തു.പഴയ സ്വർണ്ണം എടുക്കുന്ന അടിമാലിയിലെ സ്ഥാപനങ്ങളിൽ വിറ്റ് രണ്ടര ലക്ഷം രൂപയോളം ഡോണറ്റ് കൈക്കലാക്കി. വിറ്റ 10 പവൻ സ്വർണ്ണമാണ് പൊലീസിന് കണ്ടെത്താൻ സാധിച്ചത്. മൂന്നു വളയും മാലകളുമാണ് പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.അടിമാലി സി.ഐ അനിൽ ജോർജ്, പ്രിൻസിപ്പൽ എസ്.ഐ ശിവലാൽ എസ്, എസ്.ഐ ജൂഡി ടി.പി, പ്രൊബേഷൻ എസ്.ഐ മാഹിൻ സലിം ,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിജോ ജോസഫ്, വി.കെ വിനയേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.