വൈക്കം: വനിതാ വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതിൽ ജോയിന്റ് കൗൺസിൽ വൈക്കം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കെട്ടിടനികുതി അടക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് സി.പി.എം നേതാവ് അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അധിക്ഷേപിച്ചെന്നും കാണിച്ച് വൈക്കം വില്ലേജ് ഓഫീസർ തഹസിൽദാർക്ക് നൽകിയ പരാതിയിരുന്നു. വില്ലേജ് ഓഫീസറെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ രാഷ്ട്രീയ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗൺസിലിന്റെയും കെ.ആർ.ഡി.എസ്.എയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രകടനം നടത്തി. വൈക്കം മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന പ്രതിഷേധയോഗം ജോയിന്റ് കൗൺസിൽ സംസ്ഥാനസമിതി അംഗം എസ്.പി സുമോദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.പി ദേവസ്യ, മേഖലാ സെക്രട്ടറി എൻ.സുദേവൻ, കെ.ആർ.ഡി.എസ്.എ മേഖലാ പ്രസിഡന്റ് പി.ബി സാജൻ, സെക്രട്ടറി പി.ആർ. ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.