വൈക്കം: മൂന്നു മാസത്തിലധികമായി സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എത്രയുംവേഗം കൊടുത്തു തീർക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച വാഴ ഉൾപ്പെടെയുള്ള മറ്റു കൃഷികൾ ഇൻഷ്വർ ചെയ്തിട്ടും നെൽകൃഷി നശിച്ചവർക്ക് പൂർണമായി നശിച്ചില്ല എന്ന കാരണത്താൽ ഇൻഷ്വർ തുക അനുവദിക്കാത്ത സർക്കാർ നടപടി അംഗീകരിക്കാനാവില്ല. കേന്ദ്രസംസ്ഥാന സർക്കാരുകൾ ബാങ്കുകൾക്ക് നൽകാനുള്ള നെല്ലിന്റെ വില കൊടുക്കാത്തതിന് കർഷകർക്ക് നോട്ടീസ് അയക്കുന്ന നടപടി ബാങ്കുകൾ അവസാനിപ്പിക്കണം. ഇപ്പോൾ പുഞ്ചകൃഷിയുടെ വിളവെടുപ്പിന് ആറു കിലോ നെല്ല് കിഴിവ് എടുക്കുന്നത് അവസാനിപ്പിച്ച് മുൻവർഷത്തെപ്പോലെ രണ്ടു കിലോ കിഴിവിന് നെല്ല് എടുക്കുന്നനതിന് സപ്ലൈക്കോയും കൃഷിവകുപ്പും നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് യു.പി സ്‌കൂളിൽ നടന്ന സമ്മേളനം കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്തു. പി.വി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.സുശീലൻ, പി.സുഗതൻ, ജോൺ വി.ജോസഫ്, എം.ഡി ബാബുരാജ്, ഇ.എൻ ദാസപ്പൻ, കെ.അജിത്ത്, സി.കെ ആശ എം.എൽ.എ, കെ.എസ് രത്‌നാകരൻ, കെ.കെ ചന്ദ്രബാബു, കെ.ഡി വിശ്വനാഥൻ, പി.എസ് പുഷ്പമണി, പി.ആർ രജനി എന്നിവർ പ്രസംഗിച്ചു. പ്രവർത്തനസൗകര്യത്തിനായി കമ്മിറ്റിയെ രണ്ടായി വിഭജിച്ചു. വൈക്കം മണ്ഡലം ഭാരവാഹികളായി കെ.വി പവിത്രൻ (പ്രസിഡന്റ്), കെ.കെ ചന്ദ്രബാബു (സെക്രട്ടറി) എന്നിവരെയും, തലയോലപ്പറമ്പ് മണ്ഡലം ഭാരവാഹികളായി തപസ്യ പുരുഷോത്തമൻ (പ്രസിഡന്റ്), എ.എം അനി ചെള്ളാങ്കൽ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.