കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിലെ എറികാട് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. പ്രത്യേകമായി നിർമ്മിച്ച കുളത്തിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കിലെത്തിച്ച് പൈപ്പ് ലൈനിലൂടെ വീടുകളിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് നടപ്പാക്കിയത്. കുളം നിർമിച്ചതും വാട്ടർ ടാങ്ക് സ്ഥാപിച്ചതും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ്. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 6 മുതൽ 10 വരെയാണ് കുടിവെള്ള വിതരണം. പദ്ധതി മേൽനോട്ടത്തിനായി 10 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വിഹിതവും ഗുണഭോക്തൃവിഹിതവും ഉൾപ്പെടെ 17 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.