കോട്ടയം : കൊടുംവേനലിൽ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കർഷകരെയും ജനങ്ങളെയും ദുരിതത്തിലാക്കുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി താഴുന്നത് കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.പമ്പ, മണിമല നദികളിൽ ജലനിരപ്പ് തീരെ താഴ്ന്നു. കിണറുകളും വറ്റിത്തുടങ്ങി. അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിലെ നെൽച്ചെടികൾക്ക് രണ്ട് ആഴ്ച മുതൽ ഒന്നര മാസം വരെ പ്രായമായി. രാസവളവും കീടനാശിനിയുമൊക്കെ പ്രയോഗിക്കുന്ന ഈ സമയത്ത് വെള്ളം ധാരാളമായി ആവശ്യമാണ്. എന്നാൽ പാടശേഖരങ്ങളിലേക്ക് ജലം എത്തിച്ചേരുന്നില്ല. ഇതുകാരണം 24 മണിക്കൂറും മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയാണ് കർഷകർ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പാടശേഖരങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ. അതിനാൽ കർഷകർ ഭീതിയിലാണ്. ഇടത്തോടുകൾ പൂർണമായി വറ്റിത്തുടങ്ങി. കൃഷിഭൂമിയേക്കാൾ താഴ്ന്നനിലയിൽ നദികളിലെ ജലനിരപ്പെത്തിയതോടെയാണ് വെള്ളം പാടശേഖരങ്ങളിലേക്ക് പമ്പ് ചെയ്യേണ്ടി വന്നത്. പട്ടാളപ്പുഴുവിന്റെ ശല്യവും രൂക്ഷമാണ്. ഇവയെ ചെറുക്കാനുള്ള എളുപ്പമാർഗം തുടർച്ചയായി 12മണിക്കൂർ പാടത്ത് വെള്ളം കയറ്റിയിടുക എന്നതാണ്. എന്നാൽ,പല പാടങ്ങളും വരണ്ടുണങ്ങിയ നിലയിലാണ്. ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോള ശല്യവും കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ശരിയായ രീതിയിൽ ബണ്ടുകെട്ടി ബലപ്പെടുത്താത്തതിനാൽ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴം കുറഞ്ഞു. അനുദിനം ചൂടുകൂടി വരുന്നതോടെ വേനൽ മഴയിലാണ് കർഷകരുടെ ഇനിയുള്ള പ്രതീക്ഷ.
വെള്ളം പമ്പിംഗ് സബ്‌സിഡിയില്ല
പാടശേഖരങ്ങളിൽ നിന്ന് ജലം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനാണ് പമ്പിംഗ് സബ്‌സിഡിയുള്ളത്.എന്നാൽ ജലക്ഷാമം നേരിടുമ്പോൾ വെള്ളം എത്തിക്കുന്നതിന് സർക്കാർ സഹായമില്ല. നെൽക്കൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാൻ പാടത്തെ ചാലുകൾ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലെ പകൽ സമയങ്ങളിൽ 34 ഡിഗ്രിയാണ് അപ്പർകുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. കരിനിലങ്ങളിൽ വിളവിറക്കിയ കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.