rd

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുൻവശത്തെ പൈപ്പ് പൊട്ടിയതോടെ റോഡ് അപകടാവസ്ഥയിലായി. വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന തിരക്കേറിയ റോഡിലെ കുഴി കുളമാകുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങിപ്പോകുന്ന ഭാഗത്ത് റോഡിലേക്ക് ഇറങ്ങിയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ശനിയാഴ്ച വൈകിട്ടാണ് പൊട്ടിയത്. ഇതോടെ റോഡിലെ ടാറിംഗും ബാക്കി ഭാഗവും അപകടാവസ്ഥയിലായി. വലിയ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതിനാൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയാൻ ഇടയാക്കും. സ്റ്റാൻഡിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ബസുകൾ സുഗമമായി കടന്നുപോകുന്നതിനും കുഴി തടസം ഉണ്ടാക്കുന്നുണ്ട്. ഇതുകാരണം എം.സി റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

അപായസൂചന

കുഴി രൂപപ്പെട്ടതോടെ സ്റ്റാൻഡിന് മുൻവശം റോഡിൽ അപായസൂചന ബോർ‌ഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡിനടിയിലൂടെ നിരവധി പൈപ്പ് ലൈനുകളാണ് കടന്നുപോകുന്നത്. ഇത് പൊട്ടുന്നത് പതിവാണ്. ഇതുകാരണം റോഡിൽ പലയിടത്തും വലുതും ചെറുതുമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡ് അപകടാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിലെ കുഴി അടയ്ക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.