കോട്ടയം: വഴിയിൽ കിടന്ന ഐസ്ക്രീമിന്റെ ഒഴിഞ്ഞ ബാൾ കളിക്കാനെടുത്തു. വീട്ടിലെത്തി പൂച്ചക്കുട്ടിയുമായി തട്ടിക്കളിക്കുന്നതിനിടയിൽ ബോൾ പൊട്ടിത്തെറിച്ചു. ഉള്ളം കൈയും മുഖവും ഉൾപ്പടെ ദേഹത്തിന്റെ പലഭാഗങ്ങളും പൊള്ളലേറ്റ വിദ്യാർത്ഥിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പൊൻകുന്നം കടുക്കാമല ആയത്തിൽ ശ്രീശാന്തിനാണ് (14) പൊള്ളലേറ്റത്. നില ഗുരുതരമല്ലെന്ന് ‌ഡോക്ടർമാർ പറഞ്ഞു. കൂട്ടുകാരനുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് റോഡ് വക്കിൽ ബാൾ കിടക്കുന്നത് കണ്ടത്. ഇതെടുത്തുകൊണ്ട് വീട്ടിലേക്ക് നടന്ന ശ്രീശാന്ത് പൂച്ചക്കുട്ടിയുമായി തട്ടിക്കളിച്ചു. ഇതിനിടയിൽ ബോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആരാണ് സ്ഫോടക വസ്തു നിറച്ച ബാൾ വഴിയരികിൽ നിക്ഷേപിച്ചതെന്ന് അറിവായിട്ടില്ല. പൊൻകുന്നം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്ക്വാ‌ഡ് എത്തി പരിശോധന നടത്തി. ശ്രീശാന്തിന്റെ വലത് കൺപോളകൾ കത്തിക്കരിഞ്ഞു. മുടിയും കരിഞ്ഞിട്ടുണ്ട്. ഉള്ളംകൈയിലാണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളത്.