കോട്ടയം: സംസ്ഥാനത്ത് കൊറോണ റിപ്പോർട്ട് ചെയ്തതോടെ ടൂറിസം മേഖല ആശങ്കയിലായി . നിപ്പയും പ്രളയവുമുണ്ടാക്കിയ നഷ്ടത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. ജനുവരി വരെ കുഴപ്പമില്ലാതെ പോയെങ്കിലും ഈ മാസം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായത്. ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ഹൗസ് ബോട്ട് മേഖലയും ആശങ്കയിലാണ്.

പുതുവർഷം പ്രമാണിച്ച് വിദേശ ടൂറിസ്റ്റുകൾ കൂട്ടമായി എത്തുന്നതിനിടെയാണ് കൊറോണ വില്ലനായത്. എയർപോർട്ടിലെ കർശന പരിശോധനയും കേരളത്തിൽ മൂന്നിടങ്ങളിൽ രോഗം സ്ഥിരീകരിച്ചതും ടൂറിസം മേഖലയുടെ പ്രതീക്ഷകൾ കെടുത്തുന്നു. കുമരകമടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം മേഖലയെ രോഗ ഭീതി ബാധിക്കുമെന്ന് ഉറപ്പായി.

നിപ്പയുണ്ടാക്കിയ നഷ്ടം 20 കോടി

സംസ്ഥാനത്ത് 85 ഓളം അംഗീകൃത ടൂറിസം ഏജൻസികൾ

നിപ്പ കാലത്തും ഇതുപോലെ ബുക്കിംഗ് മുഴുവൻ കാൻസലായി

സമാനമായ ഈ സാഹചര്യം ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതാക്കും

കൊച്ചി മൂന്നാർ- തേക്കടി- കുമരകം പാക്കേജുകൾ പലതും റദ്ദായി

അവധിക്കാല ടൂറിസവും മൺസൂൺ ടൂറിസവും പ്രതിസന്ധിയിൽ


'' ഈ മാസം മുതൽ വിദേശികൾ വരേണ്ടതാണ്. പക്ഷേ, പ്രതീക്ഷിച്ച തിരക്കില്ല. കൊറോണ സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നത് ദോഷകരമാകും''

ഹണി, 'ഹൗസ് ബോട്ടേഴ്‌സ് അസോ.


'' ഇങ്ങനെയാണേൽ വരുംദിവസങ്ങളിൽ മേഖല സ്തംഭിക്കുമെന്നുറപ്പാണ്. സീസൺ പ്രമാണിച്ച് മുന്നൊരുക്കങ്ങൾ നടത്തിയവരുടെ പ്രതീക്ഷകൾ കൂടിയാണ് ഇല്ലാതാകുന്നത് ''

വിനു കുമാർ, ട്രാവൽ ഏജന്റ്‌