കോട്ടയം: ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസിയായ ഊബർ ഈറ്റ്സ് എന്ന സ്ഥാപനം സൊമാറ്റോ വാങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് ജില്ലയിലെ ഡെലിവറി ബോയ്സ്. മുൻപ് കിട്ടിയിരുന്ന കമ്മീഷനും മറ്റും വെട്ടിക്കുറച്ചെന്നാരോപിച്ച് സമരത്തിലാണ് ഇവർ.
വെയിലും മഴയും പൊടിയും വകവയ്ക്കാതെ ഭക്ഷണപ്പൊതിയും ബാഗിലാക്കി ഇരുചക്രവാഹനങ്ങളിൽ കസ്റ്റമറെ തേടിയെത്തിയിരുന്ന ഒരുകൂട്ടം യുവാക്കളാണ് ഇപ്പോൾ സമരത്തിനിറങ്ങിയത്. ഓൺലൈൻ ആപ്പുവഴി ബുക്ക് ചെയ്താൽ ഇഷ്ടപ്പെട്ട ഹോട്ടലിലെ ആഹാരം വീട്ടിൽ കിട്ടുമായിരുന്ന സംവിധാനത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ ഊബർ ഊറ്റ്സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾ ഈ മേഖലയിൽ തഴച്ചു വളരുകയും ചെയ്തു. വിദ്യാർത്ഥികൾ അടക്കമുള്ളവർ ഡെലിവറി ബോയ്സായി പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെലിവറി ബോയ്സ് ഉണ്ടായിരുന്നത് ഊബർ ഈറ്റ്സിലാണ്. എന്നാൽ ഊബർ ഈറ്റ്സിനെ കഴിഞ്ഞ 21 മുതൽ സെമോറ്റോ വാങ്ങിയതോടെ അവിടത്തെ ജീവനക്കാർ സൊമാറ്റോയുടെ ഭാഗമായി. എന്നാൽ സൊമാറ്റോ കമ്മിഷൻ വെട്ടിക്കുറിച്ച് വൻ തട്ടിപ്പ് നടത്തുകയാണെന്നാണ് സമരക്കാരുടെ പരാതി.
മുൻപ് ഗാന്ധിനഗറിൽ പോയി വന്നാൽ 52 രൂപ കമ്മീഷൻ കിട്ടുമായിരുന്നെങ്കിൽ ഇപ്പോഴത് 20 രൂപയാക്കിയെന്ന് ഇവർ പറയുന്നു.
'' ഡെലിവറിക്ക് ലോഗിൻ ചെയ്യാതെ സമരത്തിന് ഇറങ്ങിയാൽ ക്രിമിനൽ കേസ് കൊടുക്കുമെന്നാണ് ഭീഷണി. ഏത് സമയവും ജോലി ഉപേക്ഷിക്കാമെന്ന് എഗ്രിമെന്റിൽ പറയുന്നുണ്ട്. കമ്മിഷൻ കൂട്ടാതെ ജോലി ചെയ്യാൻ കഴിയില്ല''
ബെൻസൺ, ഡെലിവറി ബോയ്
ഊബർ ഈറ്റ്സിലെ
ഡെലിവറി
ബോയ്സ് 600
പരാതികൾ
ഡെലിവറിക്ക് നിശ്ചിത നിരക്ക്, ദൂരം കൂടിയാലും കൂടുതലില്ല.
കാഷ് ഓൺ ഡെലിവറി സംവിധാനം സൊമാറ്റോ നിർത്തി.
കസ്റ്റമർ നൽകുന്ന ഡെലിവറി ചാർജ് ഡെലിവറി ബോയ്സിനല്ല.