ചങ്ങനാശേരി: പൊള്ളുന്ന പകൽച്ചൂടിൽ ജലസ്രോതസുകളിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ നാട് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ കുടിവെള്ളം പണം കൊടുത്തുവാങ്ങേണ്ട സ്ഥിതിയാണ്. അതുകൊണ്ട് തന്നെ കുടിവെള്ള വിതരണ സംഘവും സജീവമാണ്. എന്നാൽ ശുദ്ധജലമെന്ന പേരിൽ ഉപയോഗശൂന്യമായി കിടക്കുന്ന പാറക്കുളങ്ങളിൽ നിന്നു മറ്റും വെള്ളം വിതരണം ചെയ്യുന്ന സംഘങ്ങളുണ്ടെന്ന് പരാതിയുണ്ട്. മിനി ലോറികൾ, പിക്ക്അപ്പ് വാനുകൾ, പെട്ടിഓട്ടോറിക്ഷകൾ എന്നിവയിൽ താത്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിച്ചാണ് ജലം വിതരണം ചെയ്യുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിന്നാണ് വെള്ളമെടുത്ത് വില്പന നടത്തുന്നതെന്ന ആരോപണം ശക്തമാകുമ്പോഴും മറ്റു വഴികളില്ലാത്തതിനാൽ വില കൊടുത്ത് ഇത് വാങ്ങാൻ സ്വയം നിർബന്ധിതരാവുകയാണ് ജനങ്ങൾ.

 അനുമതിയില്ല...!

കുടിവെള്ള വിതരണത്തിന് പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും അനുമതി വേണമെന്നാണ് ചട്ടം. വിതരണം ചെയ്യുന്ന വെള്ളം ലാബുകളിൽ പരിശോധന നടത്തി ആരോഗ്യവകുപ്പിന് സമർപ്പിക്കണം. തുടർന്ന് അംഗീകാരം കിട്ടിയാൽ പഞ്ചായത്തിന്റെ അനുമതി തേടണം. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും വില്പന നടക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

 വിൽക്കുന്നത് 'അ'ശുദ്ധജലമോ ?

ഉപയോഗശൂന്യമായി കിടക്കുന്ന പാറക്കുളങ്ങളിൽ നിന്നു പോലും വെള്ളം ശേഖരിച്ച് വിൽപ്പന നടത്തുന്നവരുണ്ടെന്നാണ് ആക്ഷേപം. വേനൽക്കാലത്ത് പാറമടകളിൽ നിന്നു വെള്ളം ടാങ്കറുകളിലേക്ക് കയറ്റി കൊണ്ടുപോകുന്നത് പതിവു കാഴ്ചയാണ്. ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളിൽ പോലും ഇത്തരത്തിലുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്. തങ്ങൾ വാങ്ങിക്കുന്ന ജലം ശുദ്ധമാണോയെന്ന് തിരിച്ചറിയാൻ ജനങ്ങൾക്കും സാധിക്കാറില്ല. ഇത് ക്ഷണിച്ചുവരുത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായിരിക്കും.