കോട്ടയം: ശാസ്ത്രപഠനം ഇനി എത്രയെളുപ്പം! കളിചിരികളിലൂടെ ലളിതമായി ശാസ്ത്രീയ പഠനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി കോട്ടയത്ത് ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി വളപ്പിൽ സയൻസ് പാർക്ക് ഒരുങ്ങി...ഇവിടെ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ വൈവിദ്ധ്യലോകത്തേക്ക് സഞ്ചരിക്കാം, അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ് പഠിക്കാം. ഇതിന് സഹായിക്കുന്ന ഒരു ഡസനോളം ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇത്തരമൊരു പാർക്ക് മദ്ധ്യകേരളത്തിൽ ഇതാദ്യമാണ്. അന്തർവാഹിനികളിൽ നിന്ന് സമുദ്രത്തിന് മുകളിലുള്ളവ കാണുന്നതിനും ചലനങ്ങൾ നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന 'റിവോൾവിംഗ് പെരിസ്കോപ്പ്", വിവിധ രാജ്യങ്ങളിലെ സമയം അറിയാൻ 'വേൾഡ് ടൈം", വസ്തുവിന്റെ ഭാരം കണ്ടെത്താൻ 'മാസ് ആൻഡ് ഇനെർഷ്യ", ഊർജ്ജത്തിന്റെ സഞ്ചാരം വ്യക്തമാക്കുന്ന 'വേവ് മോഷൻ" ഉപകരണം, വിവിധ വസ്തുക്കളുടെ ദൃശ്യാനുഭവം പകരുന്ന 'പെർസിസ്റ്റൻസ് ഒഫ് വിഷൻ", മഴ അളക്കുന്നതിനുള്ള ഉപകരണമായ 'റെയിൻ ഗേജ്", 'ബെൽ ടവർ", ചെറിയ സുക്ഷിരത്തിലൂടെ നോക്കിയാൽ വസ്തുക്കൾ തല തിരിഞ്ഞു കാണുന്ന 'സിമ്പിൾ കാമറ" തുടങ്ങിയ ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം, മനുഷ്യ ശരീരത്തിൽ ഡി.എൻ.എയുടെ സ്ഥാനം തുടങ്ങിയവ മനസിലാക്കുന്നതിനും സഹായിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങളും സ‌ജ്ജമാണ്.