പൊൻകുന്നം : വൃത്തിയും വെടിപ്പുമുള്ള അന്തരീഷത്തിൽ രുചിയും ഗുണമേന്മയുമുള്ള ഭക്ഷണം കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ മുണ്ടക്കയം പൊലീസ് കൂട്ടായ്മ. ജില്ലയിലെ ആദ്യത്തെ പൊലീസ് കാന്റീനാണ് ഇന്ന് മുണ്ടക്കയത്ത് തുറക്കുന്നത്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനസമയം. മറ്റ് ഹോട്ടലുകളിലേതിനേക്കാൾ 30 മുതൽ 50 ശതമാനം വരെ വില കുറച്ച് ഭക്ഷണം ഇവിടെ നിന്ന് ലഭിക്കും.
സാധാരണ ഊണിന് 35 രൂപയും മീൻകറിയുണ്ടേൽ 70 രൂപയുമാണ് വില. മറ്റ് ഹോട്ടലുകളിൽഇത് യഥാക്രമം 50- 65 ഉം 100 - 120 രൂപയുമാണ്. ചെറുകടികൾ, അപ്പം, പൊറോട്ട,ദോശ തുടങ്ങിയവയ്ക്ക് 2 മുതൽ 4 രൂപവരെ വിലക്കുറവുണ്ടായിരിക്കും. വൃത്തിയുടെ കാര്യത്തിൽ പൊലീസ് മുറ തന്നെയായിരിക്കും കാന്റീനിലും. ഇവിടെത്തന്നെ നിർമ്മിച്ച കുഴൽകിണറിലെ വെള്ളം രണ്ട് ഇലക്ട്രിക്കൽ പ്യൂരിഫെയറിൽ ശുചീകരിച്ചശേഷമാണ് ഉപയോഗിക്കുന്നത്. കാന്റീൻ നടത്തിപ്പിനായുള്ള ലൈസൻസുകളും അംഗീകാരങ്ങളും നേടി തികച്ചും നിയമവിധേയമായാണ് പ്രവർത്തനം. ഇടുക്കി ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുള്ള സി.ഐ വി.ഷിബുകുമാറാണ് ഈ ആശയം മുണ്ടക്കയത്ത് യാഥാർത്ഥ്യമാക്കുന്നത്.
നടത്തിപ്പിന് ആറു പൊലീസുകാർ ഉൾപ്പെട്ട കമ്മിറ്റി മേൽനോട്ടം വഹിക്കും.കെട്ടിടമടക്കം 32 ലക്ഷം രൂപയാണ് കാന്റീൻ തുടങ്ങാൻ ഇതുവരെ ചെലവായത്. പൊലീസ് കൂട്ടായ്മയാണ് ഓഹരിയായും മറ്റും തുക ശേഖരിച്ചത്. രാവിലെ 11 ന് ജില്ലാപൊലീസ് സൂപ്രണ്ട് ഉദ്ഘാടനം ചെയ്യും.അഡീഷണൽ എസ്.പി.എ.നസിം സെമിനാർ ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ജെ.സന്തോഷ്‌കുമാർ അദ്ധ്യക്ഷനാകും.
ചെലവഴിച്ചത് : 32 ലക്ഷം
പ്രവർത്തനസമയം : രാവിലെ 7 മുതൽ രാത്രി 8 വരെ