കോട്ടയം: കേരളകോൺഗ്രസ് (എം) ലെ അധികാര തർക്കം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹിയറിംഗ് ഇന്ന് നടക്കും. രണ്ടില ചിഹ്നം കമ്മിഷൻ താത്കാലികമായി മരവിപ്പിച്ച ശേഷം നടക്കുന്ന ഹിയറിംഗിൽ അന്തിമ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസ്, ജോസഫ് വിഭാഗങ്ങൾ. കേന്ദ്ര കമ്മിഷന്റെ തീരുമാനം ഏത് വിഭാഗത്തിന് അനുകൂലമായാലും അത് കേരളകോൺഗ്രസിൽ മറ്റൊരു പൊട്ടിത്തെറിക്കാകും വഴിയൊരുക്കുക.
കുട്ടനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ ജോസഫ് വിഭാഗം ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. ഇത് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഞങ്ങളുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ആരും ചുമതലപ്പെടുത്തേണ്ടകാര്യമില്ല. കുട്ടനാട് സീറ്റ് ആരുമായും വെച്ചുമാറുന്ന പ്രശ്നമില്ല. കോൺഗ്രസിന് അവിടെ റോളില്ലല്ലെന്നും മോൻസ് പറഞ്ഞു.
ജോസ് വിഭാഗമാകട്ടെ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്, ഡോ.ഷാജോ കണ്ടക്കുടി എന്നിവരെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചു. സ്ഥാനാർത്ഥിയെ ജോസ് കെ. മാണി അന്തിമമായി പ്രഖ്യാപിക്കുമെന്നും ജോസഫിനെ ആരും അതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. ഇരു വിഭാഗവും സ്ഥാനാർത്ഥികളെ തീരുമാനിച്ചതോടെ യു.ഡി.എഫ് നേതൃത്വമാണ് വെട്ടിലായത്. പാലായിലെ പോലെ ഇരുവിഭാഗവും കളിച്ച് കുട്ടനാട് സീറ്റ് നഷ്ടപ്പെടുത്തുമെന്ന ഭീതിയിലാണ് നേതാക്കൾ.