പൊൻകുന്നം : ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ചുവർച്ചിത്രം അനന്തശയനത്തിന് പൂർണതയേകി മിഴിതുറക്കൽ നിർവഹിച്ചു. രണ്ടുവർഷം മുൻപ് ചിത്രം പൂർത്തിയായെങ്കിലും ഇപ്പോഴാണ് മിഴിതുറക്കലോടെ ചുവർചിത്രം പൂർണമായത്. ചിത്രകാരൻ ചിറക്കടവ് വാകത്താനത്ത് അനിൽ സമർപ്പണമായാണ് ചിത്രരചന നിർവഹിച്ചത്. ഇന്നലെ ചിത്രത്തിലെ രൂപങ്ങൾക്ക് കണ്ണുകൾ വരച്ച് മിഴിവേകി.
വാസ്തുവിദ്യാഗുരുകുലത്തിൽ നിന്ന് പഠനം പൂർത്തിയാക്കി നിരവധി ക്ഷേത്രങ്ങളിൽ ചുവർച്ചിത്രമെഴുതിയ അനിലിന്റെ സ്വപ്ന പൂർത്തീകരണമായിരുന്നു തന്റെ നാട്ടിലെ ക്ഷേത്രത്തിലെ ഈ ചുവർച്ചിത്രം. ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഗോപുരച്ചുവരിലാണ് ഭക്തർക്ക് അനിർവചനീയമായ കാഴ്ചയായ അനന്തശയന ചിത്രം. മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിൽ ഭാഗവത ഹംസത്തിന്റെ ജീവിത കഥ 15 ചുവർച്ചിത്രങ്ങളിലൂടെ രചന പൂർത്തിയാക്കി അനിൽ ഏറെ പ്രശംസ നേടിയിരുന്നു.