പാലാ : ഓരോ ക്ഷേത്രങ്ങളും സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായി മാറണമെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാന്ത്രികമായി പൂജയോ, പ്രാർത്ഥനയോ, ജപമോ ചെയ്തതു കൊണ്ട് പ്രയോജനമുണ്ടാകില്ല. ആന്തരിക വിപ്ലവമാണ് പ്രാർത്ഥനയിലൂടെ സ്വായത്തമാക്കേണ്ടത്. ആദ്ധ്യാത്മികതയുടെ ഉണർത്തെണീൽപ്പാണ് ഇന്നിന്റെ ആവശ്യം. ദൗർഭാഗ്യവശാൽ ആധുനിക വിദ്യാഭ്യാസത്തിലുള്ളത് അഹങ്കാരത്തിന്റെ ഭാവമാണ്. അറിവുകൊണ്ട് ഉണ്ടാകേണ്ട തിരിച്ചറിവുകളില്ലാതെ കുടുംബങ്ങളിലും സമൂഹത്തിലും ഇന്ന് സംഘർഷങ്ങൾ സദാ ഉരുണ്ടുകൂടുകയാണ്. മഹാ ഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കിയാൽ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും സാന്ദ്രാനന്ദ സ്വാമികൾ ചൂണ്ടിക്കാട്ടി.
ഇടപ്പാടി ദേവസ്വം പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർത്ഥ ഉത്സവ സന്ദേശം നൽകി. സ്വാമി വേദതീർത്ഥ ഭദ്രദീപം തെളിയിച്ചു. സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ശിവഗിരി പദയാത്രിക ദേവകി മുത്തശ്ശിക്ക് ഇടപ്പാടി ക്ഷേത്ര യോഗം ഏർപ്പെടുത്തിയ 'ഗുരുപാദമുദ്ര ' പുരസ്‌ക്കാരം സ്വാമി സാന്ദ്രാനന്ദ സമർപ്പിച്ചു. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ദേവകി മുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, വിവിധ യൂണിയൻ നേതാക്കളായ എം. മധു, ഗിരീഷ് കോനാട്ട്, എൻ.കെ.രമണൻ, എസ്.ഡി.സുരേഷ് ബാബു, കെ.ബി.ഷാജി, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ബീനാ സജി, വൽസാ ബോസ്, പി.എസ്. ശാർങ്ധരൻ, സതീഷ് മണി, പ്രദീപ് പ്ലാച്ചേരിൽ, കെ.എസ്.അജി, ദിലീപ് ബോസ് എന്നിവർ പ്രസംഗിച്ചു. ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കന്നേൽ സ്വാഗതവും, മാനേജർ ദിലീപ് നന്ദിയും പറഞ്ഞു. തിരുവരങ്ങിന്റെ ഉദ്ഘാടനം ഗായത്രി നിർവഹിച്ചു. കൊടിയേറ്റിനു ശേഷം കോമഡി ഷോയുമുണ്ടായിരുന്നു.


ഫോട്ടോ
പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ദേവകി മുത്തശ്ശിയെ പൊന്നാട ചാർത്തി ആദരിക്കുന്നു