കോട്ടയം: എരിയുന്ന വേനലിൽ ദാഹിച്ചു വലയുമ്പോൾ നേരെ കടയിലേക്ക് ഒറ്റപ്പോക്കാണ്. പിന്നെ കടക്കാരനോട് പറയും, ചേട്ടാ, ഉപ്പിട്ട് ഒരു തണുത്ത സോ‌ഡ ! ദാഹമകറ്റാനുള്ള പരവേശത്തിനിടയിൽ താൻ കുടിക്കുന്ന സോഡയുടെ നിലവാരം ആരെങ്കിലും അന്വേഷിക്കാറുണ്ടോ? ഒരിക്കലുമില്ല എന്നതാണ് വാസ്തവം. എന്തായാലും, നിയമം കാറ്റിൽപറത്തി നാട്ടിലാകെ രോഗം പരത്തുന്ന സോഡ കമ്പനികൾക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെയുമാണ് സോഡ നിർമ്മാണ യൂണിറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമായതോടെയാണ് നടപടികളിലേക്ക് നീങ്ങുന്നത്. സോഡ ഉത്പാദന യൂണിറ്റുകൾ ലൈസൻസ് പ്രദർശിപ്പിക്കുകയും കുടിവെള്ളം 6 മാസത്തിലൊരിക്കൽ പരിശോധന നടത്തി റിപ്പോർട്ട് കൈവശം വയ്‌ക്കേണ്ടതുമാണെന്ന് നിബന്ധനയുണ്ട്. ഒരു പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും വേണം. സ്ഥാപനത്തിലെ ജോലിക്കാർക്ക് നിയമാനുസൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം. വർഷത്തിലൊരിക്കൽ വെള്ളം പരിശോധന നടത്തി റിപ്പോർട്ട് സൂക്ഷിക്കണം. എന്നിവയാണ് മറ്റു നിബന്ധനകൾ. അംഗീകൃത സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളെപ്പറ്റി അധികൃതർക്ക് കേട്ടുകേൾവി പോലും ഇല്ലെന്നതാണ് സത്യം.

# കുപ്പിയിൽ വേണ്ടത്

 ലേബലിൽ സോഡയുടെ പേര് (ഇംഗ്ലീഷിലും മലയാളത്തിലും)

 ബാച്ച് നമ്പർ (ഒരു ദിവസം നിർമ്മിക്കുന്നവയ്ക്ക് ഒരേ ബാച്ച് നമ്പർ

 ചേരുവകളുടെയും പോഷക ഘടകങ്ങളുടെയും വിവരങ്ങൾ

 വെജിറ്റേറിയൻ അടയാളം, കളർ പ്രിസർവേറ്റിവ് വിവരങ്ങൾ

 ഉത്പാദന തീയതി, എക്‌സ്പയറി തീയതി, തൂക്കം, വില

 ഉത്പാദകന്റെ വിലാസം, രജിസ്‌ട്രേഷൻ/ ലൈസൻസ് നമ്പർ

# ബിൽ നൽകണം

 സോഡാ ഉത്പാദകർ വില്പന നടത്തുമ്പോൾ ബിൽ നൽകണം

 ബിൽ, ലേബൽ ഇല്ലാത്ത സോഡ കച്ചവടക്കാർ ശേഖരിക്കരുത്

 മറ്റു കമ്പനികളുടെ കുപ്പിയാണെങ്കിൽ സ്വന്തം സ്ഥാപനത്തിന്റെ ലേബൽ ഒട്ടിക്കണം

 മറ്റ് കമ്പനികളുടെ കുപ്പികളിൽ സോഡ വിൽക്കുന്നത് ക്രിമിനൽ കുറ്റം

 ദേ, ഇതാണ് സോഡ

ശുദ്ധജലത്തിൽ കാർബൺഡൈ ഓക്‌സൈഡ് ചെറിയ മർദ്ദത്തിൽ ലയിപ്പിക്കുന്നതാണു സോഡ. കാർബൺഡൈ ഓക്‌സൈഡ് വളരെക്കുറച്ചു മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. സോഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും കാർബൺഡൈഓക്‌സൈഡ് വാതകം കലർപ്പില്ലാത്തതുമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ശുദ്ധമല്ലാത്ത ജലസ്രോതസുകളിൽ നിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ചു നിർമിക്കുന്ന സോഡ ഗുരുതരമായ വയറിളക്കരോഗങ്ങൾ വിളിച്ചുവരുത്തും.സോഡയുടെ സുരക്ഷിതത്വം അതു നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തരം പലത് ഘടന ഒന്ന്

മാടക്കടയിൽനിന്നു വാങ്ങുന്ന സോഡയും പഞ്ചനക്ഷത്ര ക്ലബിൽനിന്നു ലഭിക്കുന്ന സോഡയും തമ്മിൽ ഘടനയിലോ സ്വഭാവഗുണങ്ങളിലോ ഒരു വ്യത്യാസവും ഇല്ല. ശുദ്ധ സോഡയെക്കാളേറെ ഇന്നു ലഭ്യമാകുന്നത് കാർബൺ ഡൈഓക്‌സൈഡ്‌ ചേർത്ത ലഘുപാനീയങ്ങളാണ്. കൃത്രിമ പാനീയങ്ങളെപ്പോലെ തന്നെ പ്രകൃതിദത്തമായ പഴച്ചാറുകളും സോഡ ചേർത്ത് രംഗത്തിറക്കുന്നുണ്ട്.