കോട്ടയം: സദാചാര വിരുദ്ധ നടപടികളെ തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർക്കെതിരെ നടപടി. കൂരോപ്പട സ്വദേശി ഫാ.വർഗീസ് മാർക്കോസ് ആര്യാട്ട്, മീനടം സ്വദേശി ഫാ.വർഗീസ് എം.വർഗീസ് (ജിനോ), പാക്കിൽ സ്വദേശി ഫാ.റോണി വർഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളിൽ നിന്ന് താത്കാലികമായി വിലക്കിയത്. എപ്പിസ്കോപ്പൽ സൂനഹദേസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലിത്തയാണ് വൈദികർക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച കല്പന അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കുമെന്നാണ് അറിയുന്നത്. ആരോപണവിധേയരായ വൈദികർക്കെതിരെ കാതോലിക്ക ബാവയ്ക്കും സഭാ നേതൃത്വത്തിനും വിശ്വാസികൾ പരാതികൾ നല്കിയിരുന്നു. ഒരു വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫാ.വർഗീസ് മാർക്കോസിനെതിരെ പരാതി ഉയർന്നിരുന്നു. വീട്ടമ്മയുടെ ഭ‌ർത്താവ് സഭാനേതൃത്വത്തിനും പൊലീസിനും പരാതി നല്കിയിരുന്നു. ഈ കേസ് ഇപ്പോൾ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി അന്വേഷിച്ചുവരികയാണ്. ആലപ്പുഴയിലെ ഒരു പള്ളിയിൽ സേവനം അനുഷ്ഠിക്കുകയാണ് ഇപ്പോൾ ഫാ.വർഗീസ് മാർക്കോസ് ആര്യാട്ട്. വാകത്താനത്ത് ചക്കഞ്ചിറയിൽ വികാരിയായിരിക്കെ ഫാ.വർഗീസ് എം.വർഗീസിനെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. കൂടാതെ പള്ളിയിൽ കയറുന്നതിനും വിശ്വാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചില ആരോപണങ്ങൾ നേരിടുന്ന ഫാ.റോണി വർഗീസിനെ നേരത്തെതന്നെ സഭാശുശ്രൂകളിൽ നിന്ന് നേതൃത്വം വിലക്കിയിരുന്നു.