കോട്ടയം: മൂലമറ്റം ഭൂഗർഭനിലയത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പൊട്ടിത്തെറി കേരളത്തെ ഇരുട്ടിലേക്ക് നയിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇവിടത്തെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തനരഹിതമായതോടെ കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് അനുഭവപ്പെടുന്നത്. രണ്ടു മാസത്തോളം ഈ നില തുടരുമെന്നാണ് അറിയുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ വരും മാസങ്ങളിൽ പവർ കട്ടോ, ലോഡ് ഷെഡിംഗോ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നത്. താൽക്കാലിക സംവിധാനമെന്നനിലയിൽ അധിക വില കൊടുത്ത് ബോർ‌ഡ് പുറത്തു നിന്ന് വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വഴിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നുമാത്രമല്ല,​ മൂലമറ്റത്തെ ജനറേറ്ററുകളുടെ തകരാർ പരിഹരിക്കണമെങ്കിലും കോടികൾ വേണ്ടി വരും. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി കടുത്ത നടപടികളിലേക്ക് കടക്കാൻ ആലോചിക്കുന്നത്.

വേനൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 80 മുതൽ 85 ദശലക്ഷം യൂണിറ്റ് വരെ ഉയരാൻ സാദ്ധ്യതയുണ്ട്. ഇതോടെ നഷ്ടവും ഇരട്ടിയാകും. മൂലമറ്റത്തെ കൂടാതെ കേരളത്തിലെ മറ്റു ജലവൈദ്യുത പദ്ധതികളുടെ 15 ജനറേറ്ററുകളും പ്രവർത്തിക്കുന്നില്ല. ഇതും തിരിച്ചടിയാണ്. വേനൽ കടുക്കുകയും വെളളം കുറയുകയും ചെയ്താൽ വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടാകാനും സാദ്ധ്യതയുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ കടുത്താൽ ഡാമുകളിലെ വെളളത്തിന്റെ അളവിൽ ഗണ്യമായ കുറവ് ഉണ്ടാകും. ഇത്തരം സാഹചര്യങ്ങൾ കൂടി മുന്നിൽ കണ്ടാണ് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുത്താൻ ബോർ‌ഡ് ആലോചിക്കുന്നത്.

പൊട്ടിത്തെറിക്ക്,​ വലിയ വിലകൊടുക്കേണ്ടിവരും

കേരളത്തിന്റെ മൊത്തം വൈദ്യുതി ഉപഭോഗം75 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 35 ദശലക്ഷം യൂണിറ്റ് സംഭാവനചെയ്യുന്നത് വിവിധ ജലവൈദ്യുത പദ്ധതികളാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെടുന്ന മൂലമറ്റം പവർഹൗസിൽ നിന്നാണ് ഇതിന്റെ സിംഹഭാഗവും ഉൽപ്പാദിപ്പിക്കുന്നത് ; 20 ദശലക്ഷം യൂണിറ്റ്.

130 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആറു ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമുണ്ടായ പൊട്ടിത്തെറികൾ കാരണം രണ്ടും നവീകരണ ജോലികൾക്കായി മറ്റൊരു ജനറേറ്ററിന്റെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇവയുടെ പ്രവർത്തനം പുനരാരംഭിക്കാൻ രണ്ടു മാസത്തോളം വേണമെന്നാണ് അധികൃതർ പറയുന്നത്. പൊട്ടിത്തെറികളിലൂടെ കെ.എസ്.ഇ.ബിക്ക് ഉണ്ടായ നഷ്ടവും ഭീകരമാണ്. ജനുവരിയിലെ പൊട്ടിത്തെറിയിലൂടെ ഉണ്ടായത് അഞ്ച് കോടി രൂപയുടെ നഷ്ടമാണ്. ഫെബ്രുവരിയിൽ ആറാം നമ്പർ ജനറേറ്ററിന്റെ മിന്നൽ രക്ഷാചാലകത്തിന്റെ സർജ് കപ്പാസിറ്റർ പൊട്ടിത്തെറിച്ചതിലൂടെ 50 ലക്ഷം രൂപയുടെ നഷ്ടവും ബോർഡിനുണ്ടായതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

.