കോട്ടയം: ചന്തക്കടവിൽ പൈപ്പ് പൊട്ടി രണ്ടു ദിവസമായി വെള്ളം റോഡിലേക്ക് ഒഴുകിയിട്ടും നന്നാക്കാനെത്താതെ വാട്ടർ അതോറിറ്റി അധികൃതർ. ചൊവ്വാഴ്‌ച വൈകിട്ടാണ് ചന്തക്കടവിൽ ഓടയ്‌ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് പൊട്ടിയത്. നഗരത്തിലും പരിസര പ്രദേശത്തുമുള്ള സ്ഥലങ്ങളിലേയ്‌ക്കു വെള്ളം എത്തിക്കുന്ന പൈപ്പാണ് ഇത്. നേരത്തെ ഈ പൈപ്പ് സ്ഥിരമായി പൊട്ടിയിരുന്നു. ഇടയ്‌ക്ക് അറ്റകുറ്റപണികൾ നടത്തിയതിനെ തുടർന്ന് ഇടക്കാലത്ത് ഈ പൈപ്പുകൾ പൊട്ടിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. കോടിമത, പള്ളിപ്പുറത്ത് കാവ്, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളില്ലെല്ലാം എത്തുന്നത് ഈ ലൈനിൽ നിന്നുള്ള വെള്ളമാണ്. ഈ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതോടെ ഈ പ്രദേശത്തേയ്‌ക്കുള്ള ജല വിതരണത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജല വിതരണത്തിൽ ഇത് പ്രതിസന്ധി സൃഷ്‌ടിച്ചേക്കും.