കോട്ടയം: ലോകത്തിൽ അത്യാവശ്യം സഞ്ചരിക്കേണ്ട ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളിൽ ഒന്നായി കുമരകം വളർന്നിട്ടും ആധുനിക സംവിധാനമുള്ള ഒരു ആശുപത്രിയെക്കുറിച്ച് ബന്ധപ്പെട്ടവർ ചിന്തിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തേക്കടിയിൽ ബോട്ടിംഗിനിടയിൽ കുഴഞ്ഞു വീണ വിദേശ സഞ്ചാരിയെ വനം വകുപ്പിന്റെ ആംബുലൻസിൽ കുമളിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. സമാനമായ സാഹചര്യമാണ് കുമരകത്തുമുള്ളത്. കുമരകത്ത് വേമ്പനാട്ടു കായൽ യാത്രക്കിടയിൽ ഹൗസ് ബോട്ടിലോ റിസോർട്ടിലോ ഇത്തരമൊരു അത്യാഹിതമുണ്ടായാൽ 20 കിലോമീറ്റർ അകലെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കും വരെ സഞ്ചാരി രക്ഷപ്പെടണമെങ്കിൽ വല്ല അത്ഭുതവും സംഭവിക്കേണ്ടി വരും. ഒരു പി.എച്ച് സെന്റർ ഉണ്ടെങ്കിലും രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. സ്കാനിംഗ് അടക്കമുള്ള സംവിധാനവും ഇവിടില്ല. ക്വാർട്ടേഴ്സുകൾ പണിതിട്ട് വർഷങ്ങളായിട്ടും ഇവിടെ താമസിക്കാൻ ഡോക്ടർമാരാരും താത്പര്യം കാണിക്കുന്നുമില്ല. ചെങ്ങളം വഴി 20 കിലോമീറ്ററോളം സഞ്ചരിച്ചാലേ കുറഞ്ഞ ദൂരത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കാനാവൂ. എന്നാൽ നല്ല റോഡോ, മതിയായ സംവിധാനങ്ങളുള്ള ആംബുലൻസുകളോ ഇവിടെയില്ല. കായൽ യാത്രക്കിടയിൽ അത്യാഹിതം സംഭവിച്ചാൽ കരയിലെത്തിക്കാൻ സ്പീഡ് ബോട്ടില്ല. ഹൗസ്ബോട്ടുകളിൽ ഫസ്റ്റ്എയ്ഡ് ബോക്സുപോലും കാഴ്ചവസ്തുവാണ്. റിസോർട്ടുകളിലും സ്ഥിതി സമാനമാണ്.
കുമരകത്തിന് വേണ്ടത്
പി.എച്ച് സെന്റർ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള ആശുപത്രിയാക്കി ഉയർത്തണം
വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ്
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് എയർ& വാട്ടർ ആംബുലൻസ്
സ്പീഡ് ബോട്ട് ,മറ്റ് റസ്ക്യൂ സംവിധാനങ്ങൾ
നല്ല റോഡുകൾ
തേക്കടിയിൽ മതിയായ ചികിത്സ സയത്ത് കിട്ടാതെ വിദേശ സഞ്ചാരി കഴിഞ്ഞ ദിവസം മരിക്കേണ്ടി വന്ന സാഹചര്യമാണ് കുമരകവും അഭിമുഖീകരിക്കുന്നത്. അടിയന്തിരമായി പി.എച്ച് സ്റ്റെന്ററിൽ മതിയായ സൗകര്യവും രാത്രി ഡോക്ടർമാരുടെ സേവനവും കായൽ യാത്രയിലുള്ള രോഗിയെ പെട്ടെന്ന് കരയിൽ എത്തിക്കാൻ സംവിധാനവും ഉറപ്പാക്കണം.
അനീഷ് കുമാർ കുമരകം
(ടൂറിസ്റ്റ് ബോട്ട് ഉടമ)