പാലാ : ഇടപ്പാടി ആനന്ദഷൺമുഖ ഭഗവാൻ ഇരുന്നരുളുണ രഥം വലിക്കാനായി വ്രത വിശുദ്ധിയോടെ എത്തിച്ചേരുന്നത് നിരവധി ഭക്തർ. മകരപ്പൂയ മഹോത്സവ നാളിലെ ഏറ്റവും മനോഹരവും ഭക്തിനിർഭരവുമായ ചടങ്ങാണ് ഭഗവാന്റെ രഥത്തിലെഴുന്നള്ളത്ത്. ഉത്സവനാളുകളിലെ കാഴ്ചശ്രീബലിയായി ദിവസവും രാവിലെയും വൈകിട്ടും രാത്രിയിലുമായി മൂന്നുതവണയാണ് എഴുന്നള്ളത്ത്. നാനാജാതി മതസ്ഥരും ഭഗവാന്റെ രഥം വലിയ്ക്കലിൽ പങ്കാളികളാകാറുണ്ടെന്ന് ക്ഷേത്ര യോഗം ഭാരവാഹികൾ പറഞ്ഞു. കാഴ്ച ശ്രീബലി സമയത്ത് ശ്രീകോവിലിൽ നിന്ന് തന്ത്രിയും, മേൽശാന്തിയും ചേർന്ന് ഭഗവാനെ ഒരു കൊച്ചു വിഗ്രഹത്തിലേക്ക് ആവാഹിച്ച് വാദ്യമേളങ്ങളുടെയും കുത്തുവിളക്കിന്റേയും അകമ്പടിയോടെ രഥത്തിലേക്ക് ആനയിക്കും.
വിവിധ വർണ്ണങ്ങളിലുള്ള പൂമാലകൾ ചാർത്തി രഥം മനോഹരമായി അലങ്കരിക്കും. രഥമുരുണ്ട് കന്നിമൂലയിലെത്തുമ്പോൾ ആനന്ദഷൺമുഖൻ തന്നെ ഇടപ്പാടിയിൽ കുടിയിരുത്തിയ ഗുരുദേവനെ ' കാണും'. പരസ്പരമുള്ള ഈ ''നോട്ടത്തിന് ' അകമ്പടിയായി വാദ്യമേളങ്ങൾ ഉച്ചസ്ഥായിയിലാകും. ഉത്സവത്തിന്റെ അവസാന കാഴ്ചശ്രീബലി വേളയിൽ 'ഞാനിനി അകത്തേയ്ക്ക് പൊയ്‌ക്കോട്ടെ എന്ന് മകൻ, ഷൺമുഖൻ, അച്ഛൻ ഗുരുദേവനോട് യാത്രാനുമതി ചോദിക്കും. വാദ്യഘോഷങ്ങളുടെ ശബ്ദം താഴും. അടുത്ത ഉത്സവത്തിന് വീണ്ടും 'നേരിൽ കാണാമെന്ന ' വാക്കുമായി അച്ഛന്റെ അനുമതിയോടെ മകൻ ശ്രീകോവിലിലേക്ക് മടങ്ങും. വിഗ്രഹമേന്തുന്ന പൂജകരുടെ കണ്ണീർക്കലശത്തോടെയാകും മകന്റെ ഈ മടക്കയാത്രയെന്ന് മേൽശാന്തി വൈക്കം സനീഷ് ശാന്തി സാക്ഷ്യപ്പെടുത്തുന്നു. രഥക്കയറേന്താനുള്ള ഭാഗ്യം വളരെക്കുറച്ചു പേർക്കേ ലഭിക്കാറുള്ളൂ. ത്രിസന്ധ്യയിലും രാത്രിയിലുമുള്ള കാഴ്ചശ്രീബലി രഥഘോഷയാത്രയാണ് ഏറെ മനോഹരം.