justin

കോട്ടയം: രണ്ടു വർഷം മുൻപ് നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിനു വേണ്ടി പെനാലിറ്റി ഗോളാക്കി മാറ്റി വിജയം കൊണ്ടു വന്ന ജസ്റ്റിൻ ഇനി സർക്കാർ ഉദ്യോഗസ്ഥൻ..! സന്തോഷ് ട്രോഫി ടീമിലെ അംഗങ്ങൾക്ക് ജോലി നൽകുമെന്ന പ്രഖ്യാപനം സർക്കാർ നടപ്പാക്കിയതോടെയാണ് കേരളത്തിന്റെ പ്രതിരോധനിര താരം ജസ്റ്റിനും 'സർക്കാർ ടീമിൽ' ഇടം കിട്ടിയത്. ഇന്നലെ കോട്ടയം വയസ്‌കരയിലെ ഉപവിദ്യാഭ്യാസ ഡയറക്‌ടർ ഓഫീസിൽ ജസ്റ്റിൻ ക്ലർക്ക് തസ്‌തികയിൽ ജോലിക്കു കയറി. ഐ ലീഗിൽ ഗോകുലം എഫ്.സിയുടെ താരമായ ജസ്റ്റിൻ അവധിയെടുത്ത ശേഷം മത്സരത്തിനായി ഇന്നലെ തന്നെ കോഴിക്കോട്ടേയ്‌ക്കു തിരിച്ചു.

2017 ൽ സന്തോഷ് ട്രോഫി വിജയിച്ച കേരളത്തിനു വേണ്ടി ബസേലിയസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ജസ്റ്റിനും കളത്തിലിറങ്ങിയിരുന്നു. മണ്ണൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജ്കുട്ടിയുടെ മകനാണ് . ഒരു മാസം മുൻപാണ് ജസ്റ്റിൻ അടക്കമുള്ള സന്തോഷ് ട്രോഫി ടീം അംഗങ്ങൾക്ക് സൂപ്പർ ന്യൂമറി തസ്‌തിക സൃഷ്‌ടിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകിയത്.

2012 ൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ജസ്റ്റിനിലെ ഫുട്ബോൾ താരത്തെ കണ്ടെത്തുന്നത്. മെഡിക്കൽ കോളേജ് സ്‌കൂളിലെ മൈതാനത്ത് കോച്ച് റൊസാരിയോയുടെ ശിക്ഷണത്തിലാണ് ജസ്റ്റിനിലെ താരം പുറത്ത് വന്നത്. ഈ സീസണിൽ ഗോകുലം കേരളയ്‌ക്കു വേണ്ടി ആദ്യം മുതൽ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉൾപ്പെട്ട ഏക മലയാളി താരമാണ് ജസ്റ്റിൻ.

പ്രചോദനം

ഇന്ത്യൻ ടീമിന്റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ അഭിലാഷം. ഇതിന് പ്രചോദനമാകുന്നതാണ് സർക്കാരിന്റെ ഈ അംഗീകാരം. എനിക്കു മാത്രമല്ല ഇനി ഫുട്ബോൾ കളിക്കാനിറങ്ങുന്ന ഓരോ യുവാക്കൾക്കും ഇത് പ്രചോദനമാകണമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജസ്റ്റിൻ ജോർജ്