കോട്ടയം: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഏഴു പേരിൽ നിന്നായി 84 ലക്ഷം രൂപ തട്ടിയെടുത്തതായി പെരുവ സ്വദേശിയായ യുവതിക്കും സുഹൃത്തിനുമെതിരെ പരാതി. നിലമ്പൂർ അമരമ്പലം സൗപർണികയിൽ പി.വി നവീൻ (38), പെരുവ ഈരാംതടത്തിൽ ഇ.ആർ ജിനുമോൻ എന്നിവരും മറ്റ് അഞ്ചു പേരുമാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി നൽകിയത്.

യുവതിയുടെ ബന്ധുക്കളിൽ ഒരാൾ കാനഡയിൽ നിന്ന് അയച്ചു നൽകിയ വർക്കർ വിസയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്‌ദാനം. ആദ്യ ഗഡുവായ 2019 ജൂലായി 29 ന് ഇവരുടെ അക്കൗണ്ടിലേയ്‌ക്ക് ഒരു ലക്ഷം രൂപയും ആഗസ്റ്റിൽ അരലക്ഷം രൂപയും ഇട്ടു കൊടുത്തു. തുടർന്ന് ഒക്‌ടോബർ 15 ന് ഡൽഹിയിൽ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി.

പിന്നീട് ഒരു ലക്ഷം രൂപ യുവതിയുടെ വീട്ടിലെത്തിയും കൈമാറി. ഡിസംബർ 15 ന് ഇവരെ കൊച്ചിയിൽ നിന്നും ബാങ്കോങ്ങിലേയ്‌ക്കു കൊണ്ടു പോയി. തുടർന്ന്, അവിടെ വച്ച് 500 ഡോളർ പണമായി കൈപ്പറ്റി. വിവിധ ഫീസ് ഇനത്തിൽ ഒൻപത് ലക്ഷം രൂപയും ഓൺലൈൻ ആയി വിവിധ അക്കൗണ്ടുകളിലേയ്‌ക്കു അയപ്പിച്ചു. ഇത്തരത്തിൽ 12 ലക്ഷത്തോളം രൂപയും 500 യു.എസ് ഡോളറുമാണ് ഇവർക്ക് ചെലവായത്.

എന്നാൽ, വിസ ലഭിക്കാതെ വരികയും യാത്ര തുടരാനാകാതെ വരികയും ചെയ്‌തതോടെ തട്ടിപ്പ് മനസിലാക്കിയ ഇവർ നാട്ടിലേയ്‌ക്കു മടങ്ങി. തുടർന്ന് യുവതിയെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവിയ്‌ക്കു പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.