പാലാ : അതിമിനുസമുള്ള റോഡിന് നടുവിൽ , അതും കുത്തിറക്കത്തിൽ റോഡിലൊരു കുഴി. ഇരുചക്രവാഹനയാത്രക്കാരുടെ ചങ്കിടിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ ? കഴിഞ്ഞ ഒരാഴ്ചയായി പാലാ - അരുണാപുരം ബൈപ്പാസിലാണ് ഈ അപകടക്കുഴി. ആരും അപകടത്തിൽപ്പെടാത്തത് ഭാഗ്യം കൊണ്ടുമാത്രം.

റോഡിനു നടുവിലെ ഈ വാരിക്കുഴിക്കു കാരണക്കാർ വാട്ടർഅതോറിറ്റിയാണ്. ബൈപ്പാസിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകർന്നിരുന്നു. പാലാ കാർമ്മൽ സ്‌കൂളിന് സമീപം കുത്തിറക്കത്തിൽ റോഡിന് ഒത്ത നടുവിലായി മൂന്ന് വലിയ കുഴികളാണുള്ളത്. ഇവിടെ അപകടങ്ങളും ഇതുമൂലമുള്ള പരിക്കുകളും പതിവായതോടെ യാത്രക്കാരുടെ രോഷമുയർന്നു. തങ്ങളുടെ റോഡ് തകർന്നതോടെ പി.ഡബ്ല്യു.ഡിയും കളത്തിലിറങ്ങി. തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടുണ്ടായ റോഡ് തകർച്ച ഉടൻ നന്നാക്കാൻ അവർ വാട്ടർഅതോറിറ്റയോട് ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിക്കാർക്ക് റോഡ് ടാർ ചെയ്യാനുള്ള അനുമതിയില്ല. പകരം കുഴികളടച്ച് കോൺക്രീറ്റ് ചെയ്തു. ഒരു മാസം മുമ്പ് ചെയ്ത കോൺക്രീറ്റിംഗ് ഒരാഴ്ച മുമ്പ് മുതൽ താഴ്ന്ന് തുടങ്ങി. വീണ്ടും റോഡിനടിയിലെ പൈപ്പുകൾ പൊട്ടിയതാ കാനാണ് സാദ്ധ്യത.

സ്ഥലപരിശോധന നടത്തി

അപകട ഭീഷണി ഉയർന്നതോടെ യാത്രക്കാർ പരാതിയുമായി പി.ഡബ്ല്യു.ഡി അധികാരികളെ സമീപിച്ചു. അവർ ഇന്നലെ സ്ഥല പരിശോധന നടത്തി. റോഡിലെ കോൺക്രീറ്റിംഗ് താഴ്ന്നത് അത്യന്തം അപകടകരമാണെന്നും എത്രയും വേഗം ഇതു നന്നാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് വാട്ടർ അതോറിറ്റിക്കു കത്ത് നൽകുമെന്നാണ് സൂചന.

കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ

റോഡിന് നടുവിലായി മൂന്ന് വലിയകുഴികൾ

അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനങ്ങൾ

കുഴികളടച്ച് കോൺക്രീറ്റ് ചെയ്തെങ്കിലും ഫലമില്ല


ഇറക്കം ഇറങ്ങി വേഗതയിൽ വരുന്ന ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടാനുള്ള സാധ്യതയേറെയാണ്. സ്വതേ മിനുസമുള്ള റോഡിൽ പെട്ടെന്ന് മുന്നിൽ കുഴി കാണുമ്പോൾ ബൈക്ക് പൊടുന്നനെ വെട്ടിച്ചാലും അപകടമുറപ്പാണ്. ഇന്നു തന്നെ ഇവിടം നന്നാക്കി അപകടം ഒഴിവാക്കിയാൽ അത്രയും നല്ലത്.
ഗോകുൽ. എസ്. കുമാർ,
ബൈക്ക് യാത്രികൻ