chatting-

കോട്ടയം: അവിഹിതബന്ധവും വഴിവിട്ട സാമ്പത്തിക ഇടപാടും അടക്കമുള്ള പരാതിയിൽ മലങ്കര ഓർത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളിൽ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിൽപ്പെട്ട ഫാ. വറുഗീസ് മർക്കോസ്, ഫാ. വറുഗീസ് എം. വറുഗീസ്, റോണി വറുഗീസ് എന്നിവർക്കെതിരെയാണ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത നടപടിയെടുത്തത്.

പ്രാഥമിക നടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന ഭദ്രാസന കൗൺസിൽ വിഷയം ചർച്ച ചെയ്‌തേക്കും. വൈദികർക്കെതിരെ നേരത്തെ ഗുരുതര ആരോപണങ്ങൾ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഫാ. വറുഗീസ് മർക്കോസിനെതിരെ പ്രധാന പരാതി. വീട്ടമ്മയുടെ ഭർത്താവ് സഭാനേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. സംഭവത്തിൽ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. ഫാ. വറുഗീസ് എം.വറുഗീസിനെ അനാശാസ്യം ആരോപിച്ച് വിശ്വാസികൾ വാകത്താനത്ത് ചാപ്പലിൽ തടഞ്ഞുവച്ചിരുന്നു. ഫാ. റോണി വറുഗീസിനെതിരെയും സമാനമായ രീതിയിലുള്ള പരാതികളാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ വൈദികൻ യുവതിയുടെ നഗ്‌ന ചിത്രം ആവശ്യപ്പെടുന്ന ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തായിരുന്നു. വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തയുടെ കല്പന ഞായറാഴ്ച പള്ളികളിൽ വായിക്കും. തുടർന്ന് പരാതിയിൽ അന്വേഷണ കമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം.