chethipuzha

ചെത്തിപ്പുഴ : തല പെരുക്കുന്ന ദുർഗന്ധം. അത് അറിയണമെങ്കിൽ ചെത്തിപ്പുഴ സ്‌കൂളിന് സമീപത്തെ റോഡരികിൽ അൽപ്പസമയം നിന്നാൽ മതി. റോഡരികിൽ കുന്നോളം കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നത്. മാലിന്യം വലിച്ചെറിയുന്നത് നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം കാറ്റിൽപ്പറത്തിയാണ് മാലിന്യം തള്ളുന്നത്. ഇക്കാര്യം ജനപ്രതിനിധികളുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യം തള്ളുന്നത്. വിരുന്നുസൽക്കാരത്തിലെ ഭക്ഷണാവശിഷ്ടങ്ങളും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങളുമാണ് ഇവയിൽ ഏറെയും. ചാക്കുകെട്ടിന് മുകളിൽ വാഹനങ്ങൾ കയറി അവശിഷ്ടങ്ങൾ റോഡിലാകെ അരഞ്ഞുചേരുന്നതും ചിതറിത്തെറിക്കുന്നതും കാൽനടയാത്രികർക്ക് ദുരിതമാണ് നൽകുന്നത്. മാസങ്ങൾക്ക് മുമ്പ് ഇടറോഡിൽ ചാക്കുകളിൽ കെട്ടി മാലിന്യം തള്ളിയിരുന്നു. കക്കൂസ് മാലിന്യം വഴിയിൽ തള്ളിയ സാമൂഹ്യവിരുദ്ധരെ നാട്ടുകാർ പിടികൂടുകയും ചെയ്തിരുന്നു. കോഴിക്കടകളിലെ മാലിന്യം തള്ളുന്നതും ഇവിടെ പരാതിവാണെന്ന് നാട്ടുകാർ പറയുന്നു.

വിദ്യാർത്ഥികൾക്കും ദുരിതം

മാലിന്യം കാരണം സ്‌കൂൾ പരിസരത്തും വല്ലാത്ത ദുർഗന്ധമാണ്. മാലിന്യം കുന്നുകൂടിയതോടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ട് ബോർഡ് സ്ഥാപിച്ചത്. എന്നാൽ ഫലമുണ്ടായില്ല. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.