കോട്ടയം: ഇന്നത്തെ സംസ്ഥാന ബഡ്ജറ്റിൽ തങ്ങളെ രക്ഷിക്കാനുള്ള എന്തെങ്കിലും ഉത്തേജക നടപടികൾ ഉണ്ടാവുമോ എന്ന് ഉറ്റുനോക്കുകയാണ് കോട്ടയത്തെ റബർ കർഷകരും അനുബന്ധ വ്യവസായികളും.
കേന്ദ്ര ബഡ്ജറ്റിൽ റബർ മേഖലയ്ക്ക് ഒന്നുംകിട്ടിയില്ല. റബർ ബോർഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തിൽ റബർ ബോർഡിനുള്ള വിഹിതം തന്നെ വെട്ടിക്കുറച്ചു.
കിലോയ്ക്ക് 150 രൂപ വില വച്ച് വിപണി വിലയുമായുള്ള അന്തരം കണക്കിലെടുത്ത് ബാക്കി തുക കർഷകർക്ക് നൽകുന്ന ഉത്തേജക പാക്കേജിന് (വിലസ്ഥിരതാഫണ്ട്) 500 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിലും വകയിരുത്തിയിരുന്നു എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി കർഷകർക്ക് 40 കോടിയോളം കുടിശിക കിടക്കുകയാണ്. എന്നു കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഈ വർഷം നടക്കുന്ന സാഹചര്യത്തിൽ റബർ വില സ്ഥിരതാ ഫണ്ടിൽ കുറവ് വരാനിടയില്ല .
സർക്കാർ സ്വകാര്യ പൊതുജന പങ്കാളിത്തത്തോടെ കോട്ടയം ജില്ലയിൽ സിയാൽ മോഡൽ റബർ കമ്പനി ആരംഭിക്കുമെന്ന പ്രഖ്യാപനം തുടർച്ചയായി മൂന്നുബഡ്ജറ്റിൽ ഉണ്ടായിരുന്നു. കമ്പനി രജിസ്റ്റർ ചെയ്തു. കേരള വ്യവസായ വികസന കോർപ്പറേഷന്റെ കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ സ്ഥലം എടുക്കാനുള്ള നടപടി ആരംഭിച്ചുവെങ്കിലും നീളുകയാണ്. സിയാൽ മോഡൽ റബർ കമ്പനി പ്രഖ്യാപനം അതു കൊണ്ട് തന്നെ ഈ ബഡ്ജറ്റിലും ആവർത്തിച്ചേക്കും.
വില ഇടിഞ്ഞു റബർ കൃഷി ലാഭകരമല്ലാതായതോടെ പലരും റബർ വെട്ടിമാറ്റി വാഴ,കൈതച്ചക്ക അടക്കം മറ്റു കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. അവരെ തിരികെ കൊണ്ടുവരണമെങ്കിൽ റബർ വില ഉയർത്താൻ കഴിയുന്ന എന്തെങ്കിലും പുതിയ പാക്കേജ് വേണം. വില പിടിച്ചു നിറുത്താൻ 150 രൂപ തറവില നിശ്ചയിച്ചുവെങ്കിലും അത് ലാഭകരമല്ലാത്തതിനാൽ 200 രൂപ വേണമെന്ന ആവശ്യം ശക്തമാണ് . സാമ്പത്തിക പ്രതിസന്ധിയിൽ കറങ്ങുന്ന സർക്കാരിന് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും വോട്ടു ബാങ്കിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ റബർ കർഷകരെ അവഗണിക്കാനുമാകില്ല. വില സ്ഥിരതാ പദ്ധതിയിൽ നിശ്ചയിച്ച 150 രൂപ 160 എങ്കിലും ആക്കി ഉയർത്തുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഒരാഴ്ചക്കിടെ ഏഴുരൂപവരെയാണ് ഒരു കിലോ റബറിന് കുറഞ്ഞത്. ചൈനയിലെ കൊറോണ ബാധയും അന്താരാഷ്ട വിപണിയെ സ്വാധീനിക്കുമെന്നതിനാൽ വില ഇനിയും ഇടിയാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.അത് ഗുരുതര പ്രത്യാഘാതമായിരിക്കും റബർ മേഖലയിൽ ഉണ്ടാവുക.