വൈക്കം : പാട്ടക്കാലാവധി കഴിഞ്ഞ തോട്ടംഭൂമി പിടിച്ചെടുക്കണമെന്ന് ഭൂ അവകാശ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചുലക്ഷം ഏക്കർ തോട്ടഭൂമി വിദേശ കമ്പനികളും അവരുടെ ബിനാമികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി വിവിധ അന്വേഷണ കമ്മറ്റികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേരളാ ഭൂപരിഷ്ക്കരണ നിയമം, വിദേശ നാണയ വിനിമയ നിയന്ത്രണചട്ടം (ഫെറ) എന്നിവ അനുസരിച്ച് ഈ ഭൂമി തിരിച്ചുപിടിക്കാൻ കഴിയുമെന്നും കമ്മിറ്റി പ്രസ്താവിച്ചു. വിദേശകമ്പനികൾക്കും അവരുടെ ബിനാമികൾക്കും ഭൂവുടമസ്ഥത ഉറപ്പുവരുത്തുന്നതിനുമുള്ള അവസരമൊരുക്കി കൊടുക്കുകയാണ് മാറിമാറി വന്ന സർക്കാരുകളെന്നും കമ്മിറ്റി ആരോപിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെടുന്നതിന് വിഷയത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും ഭൂപരിഷ്കരണത്തിന്റെ 50 വർഷത്തെ പ്രവർത്തനങ്ങളെ വിചാരണചെയ്യുന്നതിനും 11ന് 2.30ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ 'ഭൂപരിഷ്കരണത്തിന്റെ 50-ാം വർഷവും ഭൂരഹിതരും'' എന്ന വിഷയത്തിൽ സെമിനാർ നടത്തും. ടി ആന്റ് ടി തോട്ടം സമരസമിതി കൺവീനർ പ്രൊഫസർ റോണി കെ.ബേബി ഉദ്ഘാടനം ചെയ്യും. സി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഭൂ അവകാശ സംരക്ഷണസമിതിയംഗം കെ.ഗുപ്തൻ വിഷയാവതരണം നടത്തും. എം.പി.സെൻ (എസ്.എൻ.ഡി.പി), എൻ.കെ.നീളകണ്ഠൻ മാസ്റ്റർ (കെ.പി.എം.എസ്), പി.എസ്.പ്രസാദ് (എ.കെ.സി.എച്ച്), വെണ്ണിയൂർ ഹരി, പി.പുഷ്ക്കരൻ മാസ്റ്റർ, പി.ജി.ബിജുകുമാർ, കമലമ്മ രാഘവൻ, രമേശ് കാവിമറ്റം തുടങ്ങിയവർ പങ്കെടുക്കും. അധഃസ്ഥിത നവോത്ഥാനം അയ്യങ്കാളി മുതൽ അംബേദ്കുമാർ വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം കല്ലറ അജയൻ നിർവഹിക്കും.