വൈക്കം : നഗരസഭ ആറാം വാർഡിലെ തച്ചാട്ട് റോഡ് പുളിംചുവട്-മുരിയംകുളങ്ങര പി.ഡബ്ല്യൂ.ഡി റോഡിൽ ചേരുന്ന സ്ഥലത്ത് ഹംപുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. റോഡിന് ഇരുവശവും വലിയ ഉയരമുള്ള മതിലുകളായതിനാൽ ദൂരക്കാഴ്ച കിട്ടാത്ത അവസ്ഥയാണ്. തച്ചാട്ട് റോഡ് ഏകദേശം ഒന്നരയടിയോളം താഴ്ന്നിട്ടായതിനാൽ വാഹനങ്ങൾക്കും - ടൂവീലറുകൾക്കും മെയിൻ റോഡിലേക്ക് കയറുന്നതിന് ബുദ്ധിമുട്ടാണ്. മുൻസിപ്പാലിറ്റിയുടെ തന്നെ മൂന്ന് റോഡുകൾ മെയിൻ റോഡിൽ ചേരുന്ന ഈ ഭാഗത്ത് സ്കൂൾ വാഹനങ്ങൾ നിറുത്തിയിട്ട് കുട്ടികൾ കയറുന്നതും, കുട്ടികൾ മെയിൻ റോഡ് ക്രോസ് ചെയ്യുന്നതും പതിവാണ്. ടിപ്പർ - ടോറസ് ലോറികൾ ഇതുവഴി അമിത വേഗത്തിലാണ് പോകുന്നത്. അപകടസാദ്ധ്യത പരിഗണിച്ച് അനുയോജ്യമായ ഭാഗങ്ങളിൽ ഹമ്പുകളോ, കണ്ണാടികളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.