moo

കോട്ടയം: മഞ്ഞും കഠിനമായ ചൂടും അതിനിടയിൽ ചെറു മഴയും. മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്തിറങ്ങാൻ തുടങ്ങി. മലയോര, പടിഞ്ഞാറൻ മേഖലകളിൽ ഇതിനകം നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടിച്ചു. നിരവധി പേർക്ക് കടിയേറ്റെങ്കിലും ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പാടശേഖരങ്ങളും റബർക്കാടുകളും പാമ്പുകളുടെ വിഹാര കേന്ദ്രമാണിപ്പോൾ. മഹാപ്രളയത്തിൽ വെള്ളം മാത്രമല്ല വനമേഖലയിൽ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകളും നാട്ടിൻ പ്രദേശത്തെത്തി. പുഴയോരമേഖലകളിലും മറ്റും ഒട്ടേറെ അപരിചിത ഇനത്തിൽപെട്ട പാമ്പുകളെ കാണുന്നതായി നാട്ടുകാർ പറയുന്നു. പ്രളയത്തിൽ പുഴയോരത്തെയും സമീപ കുറ്റിക്കാടുകളിലെയും മാളങ്ങൾ പൂർണമായും നികന്ന സ്ഥിതിയാണ്. അതോടെ പാമ്പുകൾ പുറത്തുചാടുന്നത് പതിവായി.

 ഇത് പാമ്പുകാലം

ശീത രക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാൻ നെട്ടോട്ടമോടുന്ന സമയമാണിത്. ഇതിനിടെ എന്തെങ്കിലും ശരീരത്തിന് നേരെ വന്നാൽ ആഞ്ഞുകൊത്തും. കൊത്തലിന്റെ ശക്തിക്കനുസരിച്ച് പരമാവധി വിഷം കടിയേൽക്കുന്ന ആളുടെ ശരീരത്തിലെത്തും. വേനൽച്ചൂടിലെ പാമ്പുകടി അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു. പുതുമഴ പെയ്യുന്നതോടെ കൂട്ടത്തോടെ പുറത്തിറങ്ങും.

പേടിക്കണം ഈ സമയം

മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും

ആൾ സഞ്ചാരം കുറയുന്നതിനാൽ സന്ധ്യയ്ക്ക് ഇരതേടിയിറങ്ങും

ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ചു മാളത്തിലെത്തും

ഈ രണ്ടു സമയത്തും മുന്നിൽപ്പെടുന്ന ആരെയും കടിക്കും

ഈ വർഷം

പാമ്പുകടിച്ചത്

15 പേരെ

ദുരന്ത സാദ്ധ്യത മുന്നിൽ കണ്ട് സർക്കാർ ആശുപത്രികളിൽ പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്.

-ആരോഗ്യവകുപ്പ് അധികൃതർ