വൈക്കം : ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളും കൃതികളും ജാതി മത ഭേദം ഇല്ലാതാക്കുന്ന മാനവികതയുടെ മഹാമന്ത്രങ്ങളാണെന്ന് ശിവഗിരിമഠത്തിലെ സ്വാമി അസ്പർശാനന്ദ പറഞ്ഞു. ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 1921ൽ ഗുരു നടത്തിയ വേൽ പ്രതിഷ്ഠയുടെ 99-ാമത് വാർഷികത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്വാമി. ഗുരുദേവചിത്രം അലങ്കരിച്ച റിക്ഷയും പീതവസ്ത്രധാരികളും ശിവഗിരി തീർത്ഥാടനത്തെ അനുസ്മരിപ്പിച്ചുവെന്നും സ്വാമി പറഞ്ഞു. ക്ഷേത്രമുറ്റത്തു നിന്നു ആരംഭിച്ച വിളംബര ഘോഷയാത്ര വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആറ് കിലോമീറ്റർ ദൂരത്തിലുള്ള പന്ത്രണ്ട് യൂണിറ്റുകൾ സഞ്ചരിച്ച് നിരവധി കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയിൽ വിളംബര ഘോഷയാത്ര തിരിച്ചെത്തി. അഡ്വ. രമണൻ കടമ്പറ രചിച്ച് സാബു കോക്കാട്ടും സംഘവും ആലപിച്ച വിളംബര ഗാനത്തിന്റെ പ്രകാശനവും സ്വാമി നടത്തി. സമ്മേളനത്തിൽ എസ് എൻ ഡി പി യോഗം ചെമ്മനത്തുകര ശാഖാ പ്രസിഡന്റ് വി.വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. കുഞ്ഞുമണി, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയൻ കമ്മിറ്റിയംഗം മധു പുത്തൻതറ, കമ്മിറ്റിയംഗങ്ങളായ കെ.പി. ഉത്തമൻ, ബിജു വാഴേക്കാട്ടുതറ, പി. പ്രമിൽ കുമാർ, വി.പി. മനോജ്, മനോജ് കൊയിലേഴത്ത്, എ.ജി. ഉല്ലാസൻ, എം.ജി. അനിൽകുമാർ, പി. ഷിബു, രഞ്ജിത്ത് കറുകത്തല, വിഭാത് നാവള്ളിൽ എന്നിവർ പ്രസംഗിച്ചു.