പാലാ : സുഭാഷ് വാസു ഉന്നയിച്ച ആരോപണങ്ങളൊന്നും തന്റെ മനസിൽ ഒരു പോറൽ പോലുമേൽപ്പിച്ചിട്ടില്ലെന്ന് എസ്. എൻ. ഡി. പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളെയൊക്കെ നേരിടാനുള്ള ആത്മവിശ്വാസത്തോടെ തന്നെയാണ് സമുദായ പ്രവർത്തനത്തിന് ഇറങ്ങിയത്. 781-ാം മീനച്ചിൽ ശാഖാ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷിക ഉത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.
ശാശ്വതീകാനന്ദ സ്വാമികളുടെ മരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. എന്റെ അച്ഛനേക്കാൾ കാര്യങ്ങൾ തുറന്നു പറയാൻ ഞാൻ ആശ്രയിച്ചിരുന്നത് സ്വാമികളെയാണ്. ഇത്ര വലിയ അടുപ്പമുള്ള സ്വാമികളെ താൻ കൊലപ്പെടുത്തി എന്നു പോലും ആരോപണങ്ങളുയർന്നു. ഏത് ആരോപണങ്ങളെയും പ്രശ്‌നങ്ങളെയും ധീരമായി നേരിട്ട് സത്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയുന്നത് ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്നും തുഷാർ പറഞ്ഞു.
ഇനിയും പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഒന്നിൽ നിന്നും ഒളിച്ചോടാനല്ല, പോരാടി സത്യം തെളിയിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. വെള്ളാപ്പള്ളി നടേശൻ എൻജിനീയറിംഗ് കോളേജിന്റെ പേരിൽ ചിലർ 82 കോടിയുടെ ക്രമക്കേടു നടത്തിയതായി കൃത്യമായ കണക്കുകൾ വെച്ചു കൊണ്ട് മനസിലാക്കിയിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ശിവഗിരി പദയാത്രിക 85കാരി ദേവകിയമ്മയെ തുഷാർ വെള്ളാപ്പള്ളി പൊന്നാട അണിയിച്ചാദരിച്ചു.
മീനച്ചിൽ ശാഖാ പ്രസിഡന്റ് വി.കെ. ഹരിദാസ് വലിയമറ്റത്തിൽ സമ്മാനദാനം നിർവഹിച്ചു. ശാഖാ സെക്രട്ടറി വി.എൻ.വിജയൻ , വൈസ് പ്രസിഡന്റ് സിബി ഇ.സി. ഇലഞ്ഞിക്കൽ, ലീലാ ഗോവിന്ദൻ, അനീഷ് പുല്ലുവേലിൽ, ഇ.ടി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്രഹ്മചാരി അസംഘ ചൈതന്യ പ്രഭാഷണം നടത്തി. വൈകിട്ട് വിശേഷാൽ ഗുരുപൂജ, ദീപാരാധന, രാത്രി നാടകം എന്നിവയുമുണ്ടായിരുന്നു.
ഫോട്ടോ അടിക്കുറിപ്പ്
മീനച്ചിൽ ശാഖയിലെ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ, ശാഖാ പ്രസിഡന്റ് വി.കെ. ഹരിദാസ്, ശിവഗിരി പദയാത്രിക ദേവകിയമ്മ, സിബി. ഇ സി., അനീഷ് പുല്ലുവേലിൽ, ലീലാ ഗോവിന്ദൻ , വി.എൻ. വിജയൻ , ഇ ടി. രാജേഷ് തുടങ്ങിയവർ സമീപം.