rajamma

പൊൻകുന്നം: നാലുംകൂട്ടി ഒന്നു മുറുക്കാൻ അല്ലെങ്കിൽ ക്ഷീണിച്ചുവരുമ്പോൾ ഒരു നാരങ്ങവെള്ളം കുടിക്കാൻ നാട്ടുകാർ ഓടിയെത്തിയിരുന്നത് രാജമ്മച്ചേച്ചിയുടെ കടയിലേയ്ക്കായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകളെല്ലാം മറന്ന് നിത്യവും രാവിലെ കട തുറക്കാനെത്തിയിരുന്ന രാജമ്മച്ചേച്ചി നാട്ടുകാരെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞു.


പൊൻകുന്നം മാർക്കറ്റ് ജംഗ്ഷന്ൽ മുറുക്കാൻകട നടത്തിയിരുന്ന രാജമ്മയുടെ (85)സംസ്‌കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. പൊൻകുന്നം പുതുവേലിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ ഭർത്താവിന്റെ മരണത്തെത്തുടർന്നാണ് അദ്ദേഹം നടത്തിയിരുന്ന കടയുടെ നടത്തിപ്പു ചുമതല ഏറ്റെടുത്തത്. 30 വർഷമായി മുടങ്ങാതെ കടയിലെത്തിയിരുന്നു.


പ്രായമേറുംതോറും മക്കളും ബന്ധുക്കളുമൊക്കെ എതിർത്തെങ്കിലും രാജമ്മ വഴങ്ങിയില്ല. ഭർത്താവിന്റെ ആത്മാവ് ഇവിടെയുണ്ടെന്നാണ് അവർക്കു നൽകിയിരുന്ന മറുപടി. മരിക്കുന്നതുവരെ ആരെയും ആശ്രയിക്കാതെ ജീവിക്കണം അതായിരുന്നു ആഗ്രഹം. രാജമ്മയുടെ ആഗ്രഹം നടന്നു. സ്ത്രീകൾക്ക് മാതൃകയായ രാജമ്മയെ കഴിഞ്ഞ വനിതാദിനത്തിൽ ഡോ.എൻ ജയരാജ് എം.എൽ.എ.വീട്ടിലെത്തി ആദരിച്ചിരുന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ആദരവും ഏറ്റുവാങ്ങിയാണ് രാജമ്മ യാത്രയായത്.