പാലാ : ടൗൺ ബസ് സ്റ്റാൻഡിനോടു ചേർന്ന് റിവർവ്യൂ റോഡിലേക്കുള്ള ഉപറോഡിന്റെ കവാടത്തിലെ അപകടക്കുഴിക്ക് മുകളിൽ പൊതുമരാമത്ത് വകുപ്പ് ഇന്നലെ രാത്രി ഗ്രില്ല് സ്ഥാപിച്ചു. ഓടയ്ക്ക് മുകളിലെ ഇരുമ്പ് ഗ്രില്ല് തകർന്ന് കുഴി രൂപപ്പെട്ടിട്ട് ഏറെനാളായിരുന്നു. ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. കഴിഞ്ഞ ദിവസം പാലാ പൗരാവകാശസമിതിയും സി.പി.എമ്മെല്ലും ചേർന്ന് കുഴിക്ക് മുകളിൽ നിരത്തിയ വീപ്പയിൽ 'മരണമാല്യം' ചാർത്തി സമരം നടത്തിയിരുന്നു. സമരത്തിനിടയിൽ ബൈക്കുമായെത്തിയ ജനപ്രതിനിധി കുഴിയിൽ വീണെങ്കിലും ഭാഗ്യം കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പൊതുമരാമത്ത് അധികൃതർ ബുധനാഴ്ച രാത്രി പുതിയ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കിയത്. ഇത് കൂടുതൽ ബലപ്പെടുത്താനായി ഇതിനു ചുറ്റും വീപ്പകൾ നിരത്തിയിട്ടുണ്ട്.
ഭാരവാഹനങ്ങൾ കടത്തിവിടല്ലേ....
'മാഡം പ്ലീസ്... ഭാരവാഹനങ്ങൾ ഇനിയെങ്കിലും ഈ ഉപറോഡ് വഴി കടത്തി വിടല്ലേ .... പാലാ നഗരസഭാ ചെയർപേഴ്‌സണോടുള്ള പി.ഡബ്ല്യു.ഡി അധികൃതരുടെ അപേക്ഷയാണിത്. ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നു പോകുന്നതു മൂലമാണ് ഓടയ്ക്ക് മുകളിലെ ഇരുമ്പ് ഗ്രില്ല് തകരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നഗരസഭാ വക റോഡാണെങ്കിലും പൊതുതാത്പര്യം മുൻനിറുത്തിയാണ് റോഡിലെ കുഴി ഒറ്റ രാത്രി കൊണ്ട് അടച്ചത്. 'ഭാരവാഹനങ്ങൾക്ക് നിരോധനം" എന്ന ബോർഡ് സ്ഥാപിക്കണമെന്ന പി.ഡബ്ല്യുഡിയുടെ നിർദ്ദേശത്തോട് ഇതുവരെ നഗരസഭ പ്രതികരിച്ചിട്ടില്ല.