പാലാ : എന്തൊക്കെയായിരുന്നു, ആധുനിക സാങ്കേതിക വിദ്യ, ബി.എം.ആന്റ് ബി.സി നിലവാരം ...ഒടുവിൽ ദാ കിടക്കുന്നു. ഒന്നല്ല ഏഴിടങ്ങളിലാണ് ടാറിംഗ് പൊളിഞ്ഞത്. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാനപാതയിൽ കൊട്ടാരമറ്റം മുതൽ അൽഫോൻസാ കോളജിന് സമീപം വരെയുള്ള ഭാഗത്തെ കാഴ്ചയാണിത്. ടാറിംഗ് പാളികളായി ഇളകിമാറിയ നിലയിലാണ്. ഇത് വാഹനങ്ങൾക്ക് പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്ക് ഉയർത്തുന്ന അപകടഭീഷണി ചില്ലറയല്ല.
റോഡിന്റെ വശങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിലും മദ്ധ്യഭാഗത്തും ഇത്തരത്തിൽ ടാറിംഗ് ഇളകിമാറിയ ഇടങ്ങളിൽ വാഹനങ്ങൾ ചാടുന്നതും നിയന്ത്രണം വിടുന്നതും പതിവായിരിക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ ഈ ഭാഗങ്ങളിൽ സൂചനാ ബോർഡുകളും ഗതാഗത നിയന്ത്രണത്തിനുള്ള സിഗ്‌നൽ സ്തൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
മുഴകളും രൂപപ്പെട്ട് തുടങ്ങി
ആണ്ടൂർ കവലയ്ക്കും ഇൻഡ്യാർ ഫാക്ടറിക്കും ഇടയിൽ അടുത്തിടെ ഇത്തരത്തിൽ ടാറിംഗ് പാളികളായി അടർന്നിരുന്നു. ഏറ്റുമാനൂരിനും പാലായ്ക്കുമിടയിൽ പല ഭാഗങ്ങളിലും റോഡിൽ മുഴകളും രൂപപ്പെട്ടിട്ടുണ്ട്. കുമ്മണ്ണൂർ കരോട്ടെ കവലയിലാണ് മുഴകൾ ഏറെയുള്ളത്. റീടാറിംഗ് നടത്തിയ പല ഭാഗങ്ങളിലും റോഡ് താഴ്ന്ന നിലയിലുമാണ്. കട്ടച്ചിറ കയറ്റത്തിനു സമീപവും ഷട്ടർകവലയിലുമാണ് റോഡ് താഴ്ന്ന നിലയിലുള്ളത്. ഏറ്റുമാനൂർ പേരൂർകവലയ്ക്കു സമീപം റോഡിനു കുറുകേ കട്ടിങ്ങുള്ളത് വാഹന യാത്രികർക്ക് ദുരിതമാകുന്നു.
തകരാർ നാളെ പരിഹരിക്കും
ബി.എം.ആന്റ് ബി.സി മിക്‌സ് ചെയ്തപ്പോഴുണ്ടായ അപാകതയാകാം ടാറിംഗ് ഇളകാനുള്ള കാരണമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിലയിരുത്തൽ. കൂത്താട്ടുകുളത്തെ പ്ലാന്റിൽ നിന്ന് ബി. എം. ബി.സി മിക്‌സ് എത്തിച്ച് നാളെത്തന്നെ റോഡിലെ തകരാർ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.