കോട്ടയം: നഗരസഭയുടെ സൈറൺ നിശബ്‌ദമായിട്ട് ഒരാഴ്ച. ജനുവരി 30 മുതലാണ് സാങ്കേതിക തകരാറിനെ തുടർന്ന് സൈറൺ മുഴങ്ങാതിരുന്നത്. അന്ന് രാവിലെ എട്ടിനായിരുന്നു സൈറൺ അവസാനമായി മുഴങ്ങിയത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി 11ന് മുഴങ്ങേണ്ടതായിരുന്നെങ്കിലും പ്രവർത്തിച്ചില്ല. ഇതോടെയാണ് സൈറണിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. അന്നു തന്നെ അറ്റകുറ്റപണികൾക്കുള്ള നടപടികൾ ആരംഭിച്ചതായി നഗരസഭ അധികൃതർ അറിയിച്ചിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും സൈറൺ മുഴങ്ങിത്തുടങ്ങിയിട്ടില്ല. കോട്ടയം നഗരത്തിൽ പുലർച്ചെ അഞ്ചിനും, രാവിലെ എട്ടിനും, ഉച്ചയ്‌ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും രാത്രി എട്ടിനുമാണ് സൈറൺ മുഴങ്ങിയിരുന്നത്. നഗരത്തിലെ പ്രമുഖർ ആരെങ്കിലും മരിക്കുമ്പോഴോ, പ്രത്യേക അവസരങ്ങളിലോ സൈറൺ മുഴങ്ങിയിരുന്നു.

 നാട്ടുകാരും അസ്വസ്ഥതയിലാണ്

നഗരത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് തന്നെ സൈറൺ നില നിൽക്കുന്നതിനാൽ, നഗരപരിധിയിലെ മിക്ക സ്ഥലത്തും സൈറണിന്റെ മുഴക്കം എത്തുന്നത് പതിവാണ്. ഇത്തരം സൈറണിന്റെ മുഴക്കം നഗരവാസികൾക്ക് ശീലവുമാണ്. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈറൺ മുഴങ്ങാത്തത് നാട്ടുകാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.