കുമരകം: ആരോഗ്യകരമായ ശരീരത്തിന് വെള്ളം കുടി അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നതിൽ വൈമുഖ്യം കാണിക്കുന്ന കുട്ടികളിൽ ഇത്തരമൊരു ശീലം വളർത്തിയെടുക്കാൻ 'വാട്ടർ ബെൽ" പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുമരകം ശ്രീകുമാരമംഗലം പബ്ലിക്ക് സ്‌കൂൾ അധികൃതർ. ദിവസം രണ്ടു നേരം ബെൽ മുഴങ്ങും. രാവിലെ 10.50നും ഉച്ചയ്ക്ക് 2നും. ഈ സമയം വിദ്യാർത്ഥികൾ നിർബന്ധമായും വെള്ളം കുടിച്ചിരിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി അടുത്തകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. വേനൽക്കാലത്ത് കുട്ടികളിൽ നിർജലീകരണം സംഭവിക്കുന്നത് തടയാനും വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തി അതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറയുന്നു. കുട്ടികളും അദ്ധ്യാപകരും ഒന്നിച്ച് വെള്ളം കുടിച്ച് പദ്ധതിക്ക് തുടക്കമിട്ടു. പ്രിൻസിപ്പൽ വി.കെ ജോർജ് നേതൃത്വം നൽകി.