പൊൻകുന്നം : പി.പി റോഡിൽ പനമറ്റം കവലയിലെ കൊടുംവളവിൽ ഇറക്കമിറങ്ങി വരവെ നിയന്ത്രണം വിട്ട തടിലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. വീട്ടുമുറ്റത്തെ കാർഷെഡിൽ കിടന്ന കാറിനും ബൈക്കിനും നാശനഷ്ടമുണ്ടായി. പരിക്കേറ്റ ലോറി ഡ്രൈവർ പുനലൂർ അലിമുക്ക് സ്വദേശി മദനൻ (52), സഹായി മൻസൂദ് (49) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം. ഇറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. വളവിൽ എതിർവശത്തേക്ക് പാഞ്ഞ ലോറി കുന്നേപ്പറമ്പിൽ സുജിത്തിന്റെ കാർഷെഡ് തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഷെഡിലുണ്ടായിരുന്ന ബൈക്ക് പൂർണമായി തകർന്നു. വീടിന്റെ മേൽക്കൂരയുടെ ഒരുവശത്തിന് ലോറിയിൽ നിന്ന് റബർത്തടി വീണ് നാശനഷ്ടമുണ്ട്. പുനലൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു ലോറി. ലോറിക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. രാവിലെ 8 ന് ഇതേ സ്ഥലത്ത് മറ്റൊരു ലോറി നിയന്ത്രണം വിട്ട് നടുറോഡിൽ വട്ടം തിരിഞ്ഞ് നിന്നു. ആർക്കും പരിക്കില്ല.