അടിമാലി: വഴിയിൽ കിടന്ന് ലഭിച്ച ഒരുലക്ഷത്തി അയ്യായിരം രൂപ തിരികെ നൽകി മമൂവാറ്റുപുഴ സ്വദേശി മന്നേക്കാട്ടുകുടി വീട്ടിൽ ജോർജ്ജ് .ജോർജ്ജിന്റെ നല്ല മനസ്സിന് നന്ദി പറയുകയാണ് പെരുന്തൽമണ്ണ നാട്ടുകല്ല് സ്വദേശി ചൂളകച്ചോല വീട്ടിൽ മുഹമ്മദ് ഷാജർ.ബുധനാഴ്ച്ച രാത്രിയിൽ വാഹന കച്ചവടത്തിലൂടെ ലഭിച്ച പണവുമായി മുഹമ്മദ് ഷാജർ അടിമാലിയിൽ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങിയത്. മടക്കയാത്രയിൽ പണം നഷ്ടമായി. ഇതിനിടയിൽ നേര്യമംഗലത്തിന് സമീപത്ത് റോഡിൽ കിടന്നിരുന്ന പണം ജോർജ്ജിന്റെ ശ്രദ്ധയിൽപ്പെട്ടു.
ജോർജ്ജ് പണവുമായി അടിമാലി പൊലീസ് സ്റ്റേഷനിലെത്തി പണം പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവ ശേഷം അടിമാലി സ്റ്റേഷനിൽ പണം ലഭിച്ച വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. വ്യാഴാഴ്ച്ച വൈകിട്ടോടെ അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തി മുഹമ്മദ് ഷാജർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പണം കൈപ്പറ്റി.