വൈക്കം: കുണ്ടും കുഴിയുമായി തകർന്ന റോഡുകളുടെ പുനർനിർമ്മാണം ആവശ്യപ്പെട്ട് ജനാധിപത്യ പൗരമുന്നണിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നഗരസഭയുടെ 25, 26 വാർഡുകളെ ബന്ധിപ്പിക്കുന്ന കോവിലകത്തുംകടവ് മത്സ്യമാർക്കറ്റ് റോഡും, ആയുർവേദാശുപത്രി മടിയത്തറ റോഡും ദീർഘകാലമായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വൈക്കം നഗരത്തിലെ പ്രധാന തൊഴിൽ വ്യവസായ മേഖലയാണ് കോവിലകത്തും കടവ് മത്സ്യമാർക്കറ്റ്. നൂറു കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. നടേൽപള്ളി, ലിസ്യൂ സ്‌കൂളിന്റെ സമീപത്തുള്ള റോഡ് കാൽനടയാത്രയ്ക്കു പോലും യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിലേക്കുള്ള പ്രധാന പാതയാണ് മടിയത്തറ ആയുർവേദപ്പടി റോഡ്. ഈ റോഡും ഗതാഗതത്തിന് യോഗ്യമല്ല. ആശുപത്രിയിലേക്ക് വന്നുപോകുന്ന രോഗികൾ റോഡിന്റെ ദുരവസ്ഥയിൽ വിഷമിക്കുകയാണ്. റോഡുകളുടെ പുനർനിർമ്മാണം ആവശ്യപ്പെട്ട് നിരവധി മേഖലയിൽ നിന്ന് നഗരസഭയ്ക്ക് പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ലെന്ന് സമരക്കാർ ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. സനീഷ്‌കുമാർ സമരം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പൗരമുന്നണി പ്രസിഡന്റ് സന്തോഷ് ചക്കനാടൻ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് നാരായണൻ, എം.ടി. അനിൽകുമാർ, ഇടവട്ടം ജയകുമാർ, എം. അബു, ബിനോയ് ദേവസ്യ, പി.ടി. സുഭാഷ്, കെ.എൻ. ദേവരാജൻ, സോണി സണ്ണി, ബാബു മംഗലത്ത്, ജോർജ്ജ് വർഗ്ഗീസ്, പ്രദീപ് കുമാർ, ബാലാജി എന്നിവർ പ്രസംഗിച്ചു.