വൈക്കം: നഗരസഭ 24-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന കോവിലകത്തുംകടവ്-കണിയാംതോട് റോഡിന്റെ നിര്‍മാണം വൈകുന്നെന്ന് ആരോപിച്ച് പൗരസമിതിയുടെ പേരില്‍ നടത്തിയ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിനായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി നഗരസഭ 9.60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടു തവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും കരാര്‍ എടുക്കാന്നും ആരും തയ്യാറായിട്ടില്ല. ഓഫര്‍ ക്ഷണിച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സല്‍ബി ശിവദാസ് പറഞ്ഞു. ആയുര്‍വേദ ആശുപത്രി-മടിയത്തറ റോഡിന്റെ പുനര്‍നിര്‍മാണത്തിന് 4.90 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരന്‍ പണി ഏറ്റെടുത്തുകഴിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ചിലര്‍ സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് പറഞ്ഞു.