കോട്ടയം: പുറത്ത് പൊള്ളുന്ന ചൂടാണ്. ആരോഗ്യം ശ്രദ്ധിച്ചേ പറ്റൂ. വെള്ളം ധാരാളമായി കുടിച്ച് നിർജലീകരണം തടയണം. ചൂടിൽ വിയർക്കുന്നതിനോടൊപ്പം ധാരാളം ലവണങ്ങളും നഷ്ടമാകും. സോഡിയത്തിന്റെ അളവ് കുറയുകയും ചെയ്യും. ഇത് കുഴഞ്ഞ് വീഴാനും അബോധാവസ്ഥയിലാകാനും ചിലപ്പോൾ മരണം വരെ സംഭവിക്കാനും കാരണമാകും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീർ എന്നിവ ധാരാളമായി കുടിക്കണം.
ശ്രദ്ധിക്കാൻ...
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.
ശരീരം ചൂടാക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കണം. അയഞ്ഞ ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. വായുസഞ്ചാരമുള്ള വസ്ത്രങ്ങളാണ് നല്ലത്.
സ്കൂളിൽ കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. ക്ലാസ് മുറികളിൽ വായു സഞ്ചാരമുണ്ടായിരിക്കണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.
വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
ചൂട് കാരണമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കണം.
.തണ്ണിമത്തൻ, അവഗാഡോ, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങി ശരീരം തണുക്കുന്ന പഴ വർഗങ്ങൾ കൂടുതലായി കഴിക്കണം.
പകൽ മദ്യപാനം ഒഴിവാക്കുക.