കോട്ടയം: മട്ടൺ ബിരിയാണി പ്രതീക്ഷിച്ചിടത്ത് പഴങ്കഞ്ഞി കിട്ടിയ പോലെയാണ് സംസ്ഥാന ബഡ്ജറ്റിൽ ജില്ലയുടെ അവസ്ഥ. ജില്ലയിൽ നിന്ന് ഒരു മന്ത്രിയില്ലാത്തതിന്റെ കുറവ് ബഡ്ജറ്റിലും പ്രതിഫലിച്ചു. കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങൾ പലതും ആവർത്തിച്ചപ്പോൾ റബർ പാർക്കിന് സ്ഥലം കണ്ടെത്തി വീണ്ടും പദ്ധതി പ്രഖ്യാപിച്ചു. ജീവശ്വാസം തേടുന്ന ട്രാവൻകൂർ സിമന്റ്സിന് പണം വകയിരുത്തിയത് ആശ്വാസമാകുമ്പോൾ കെ.എം.മാണി ഫൗണ്ടേഷന് പണം വകയിരുത്തിയത് രാഷ്ട്രീയ മാനങ്ങളും നൽകി.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റബർ മേഖലയ്ക്ക് കാര്യമായി ഒന്നുമുണ്ടായില്ല. റബർ വില സ്ഥിരതാ ഫണ്ടിനെപ്പറ്റി പരമാർശം പോലുമുണ്ടായില്ല. റബറിനെ രക്ഷിക്കാനുള്ള ഉത്തേജക പാക്കേജുകളൊന്നും ബഡ്ജറ്റിൽ ഇല്ല. റബർ പാർക്ക് സ്ഥാപിക്കാൻ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ അഞ്ഞൂറേക്കർ ഉപയോഗിക്കുമെന്നതും എച്ച്.എൻ.എൽ ബാദ്ധ്യതകളടക്കം ഏറ്റെടുക്കുമെന്നതും ആശ്വാസം പകരുന്നു. കഴിഞ്ഞ വർഷത്തേതു പോലെ കുട്ടനാട് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയാലുടൻ തണ്ണീർമുക്കം ബണ്ട് ഒരു വർഷത്തേയ്ക്ക് തുറന്നുവയ്ക്കുമെന്ന് ഇക്കുറിയും പ്രഖ്യാപനമുണ്ട്. നെൽകർഷകർക്ക് റോയൽറ്റി നൽകാൻ 40 കോടി പ്രഖ്യാപിച്ചതും നെൽകൃഷിക്ക് 118 കോടി വകയിരുത്തിയതും അപ്പർ കുട്ടനാടിന് പ്രയോജനപ്പെടും. കായലിലെ പ്ളാസ്റ്റിക് മുക്തമാക്കി ആഴംവർദ്ധിപ്പിക്കാൻ അനുവദിച്ച 10 കോടി രൂപ അനവദിച്ചത് വേമ്പനാട് കായലിന് ജീവശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം എരുമേലി വിമാനത്താവളം, ടൂറിസം വികസനം തുടങ്ങിയവയിൽ പരാമർശം പോലുമില്ല.
ജില്ലയ്ക്ക് കിട്ടിയത്
നദീപുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി
എ.സി. എലവേറ്റഡ് റോഡിന് 450 കോടി
എം.ജി. സർവകലാശാലയ്ക്ക് വിഹിതം
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 5 കോടി
സി.എം.എസ്. ചരിത്ര മ്യൂസിയത്തിന് രണ്ടു കോടി
കെ.എം.മാണി ഫൗണ്ടേഷന് 5 കോടി രൂപ
ഒരു വാർഡിൽ 75 തെങ്ങിൻ തൈകൾ
നെൽകർഷകർക്കുള്ള റോയൽറ്റിക്ക് 40 കോടി