കോട്ടയം: സമീപ ജില്ലകളായ ആലപ്പുഴയ്ക്കും ഇടുക്കിക്കും പ്രത്യേക പാക്കേജോടെ കോടികൾ വാരിക്കോരി നൽകിയപ്പോൾ 'ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും തന്നില്ല ' എന്നു പറയേണ്ട അവസ്ഥയിലായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം യു.ഡി.എഫ് ജനപ്രതിനിധികൾ ഏറെയുള്ള കോട്ടയം.
ആലപ്പുഴ ജില്ലക്കാരനായ ധനമന്ത്രി തോമസ് ഐസക്ക് കുട്ടനാട് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൈയയച്ചാണ് ആലപ്പുഴക്ക് പാക്കേജ് പ്രഖ്യാപിച്ചത്. കുട്ടനാട് പാക്കേജിന് 2400 കോടിയും ഇടുക്കി പാക്കേജിന് 1000 കോടിയും പ്രഖ്യാപിച്ച ധനമന്ത്രി വില ഇടിഞ്ഞ് ജീവിതം വഴിമുട്ടി നിൽക്കുന്ന കോട്ടയത്തെ റബർ കർഷകരോട് ആശ്വാസകരമായ ഒരു വാക്കു പോലും പറഞ്ഞില്ല. 150 രൂപ വില സ്ഥിരതാ ഫണ്ട് 200 രൂപയാക്കണമന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പത്തു രൂപ കൂട്ടി 160 രൂപയെങ്കിലും ആക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പത്തു പൈസ കൂട്ടിയില്ല . കഴിഞ്ഞ വർഷത്തെ വില സ്ഥിരതാഫണ്ട് കുടിശിക ഇനത്തിൽ റബർ കർഷകർക്ക് നൽകാനുള്ള 40 കോടിയെക്കുറിച്ചും കമാന്ന് മിണ്ടിയില്ല. ഇടുക്കിക്ക് സ്പൈസസ് പാർക്കും ആഗ്രോപാർക്കും പ്രഖ്യാപിച്ചപ്പോൾ സിയാൽ മോഡലിൽ കോട്ടയം ജില്ലയിൽ ആരംഭിക്കുമെന്ന് നാലു വർഷമായി മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചു വന്ന റബർ ഫാക്ടറിക്ക് തുക അനുവദിക്കാൻ തയ്യാറായില്ല. ഇതോടെ അത് കോട്ടയം കാരെ പറ്റിക്കാനുള്ള വാചകമടി പദ്ധതി മാത്രമെന്ന് വ്യക്തമായി.
കുട്ടനാട് പാക്കേജിൽ പെടുത്തി ആലപ്പുഴയെ ഹെരിറ്റേജ് നഗരമാക്കാൻ താത്പര്യം കാണിച്ച മന്ത്രി അപ്പർ കുട്ടനാട് മേഖലയിൽ വരുന്ന കോട്ടയത്തെ ഹെരിറ്റേജ് പ്രദേശങ്ങൾ കണ്ടില്ല . ലോകത്തിൽ ആവശ്യം കാണേണ്ട പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ട കുമരകത്തിന്റെ വികസനത്തിന് ഒന്നും പ്രഖ്യാപിച്ചില്ല . വേമ്പനാട്ട് കായൽ ശുദ്ധീകരണത്തെക്കുറിച്ച് പറയുമ്പോഴും ആലപ്പുഴ ഭാഗത്തെ തോടുകൾ മാലിന്യ മുക്തമാക്കാനാണ് കൂടുതൽ തുക അനുവദിച്ചിട്ടുള്ളത്. ജലഗതാഗത വികസനത്തിന് 652 കോടി അനുവദിച്ചതിന്റെ നേട്ടവും ആലപ്പുഴക്കാണ് .
കോട്ടയത്തെ തിരഞ്ഞുപിടിച്ച് തഴഞ്ഞു
മലയോര കർഷകർക്കും മലയോരമേഖലയ്ക്കും ബഡ്ജറ്റിൽ ഒന്നുമില്ല. റബറിന്റെ സംഭരണ വില 150 രൂപയിൽ നിന്ന് വർദ്ധിപ്പിക്കാൻ തയ്യാറാകാതിരുന്നത് നിരാശാ ജനകമാണ് . സമീപ ജില്ലകൾക്കു ലഭിച്ച ബഡ്ജറ്റ് വിഹിതം പരിശോധിച്ചാൽ യു.ഡി.എഫ് ജനപ്രതിനിധികൾ കൂടുതലുള്ള കോട്ടയത്തെ തിരഞ്ഞുപിടിച്ച് തഴഞ്ഞതു പോലെയേ തോന്നൂ.
കെ.സി.ജോസഫ് എം.എൽ.എ